irirtty
ഇരിട്ടി വെറ്ററിനറി പോളി ക്ലിനിക്കിന് മുന്നിലെ വെള്ളക്കെട്ടിലൂടെ ബൈക്കുമായി ആശുപത്രിയിലേക്ക് എത്തുന്ന ആൾ

ഇരിട്ടി: ഒരു ദ്വീപിൽ അകപ്പെട്ട കെട്ടിടം പോലെയാണ് മഴക്കാലത്ത് ഇരിട്ടി പട്ടണത്തിന് ചേർന്ന് സ്ഥിതിചെയ്യുന്ന വെറ്ററിനറി പോളി ക്ലിനിക്കിൽ എത്തിയാൽ തോന്നുക. എന്നാൽ തെളിഞ്ഞ ശുദ്ധജലത്തിന് പകരം കലങ്ങിച്ചുവന്ന മലിനജലമാണെന്നു മാത്രം. നഗരത്തിൽ ശക്തമായ മഴ പെയ്താൽ ഈ മൃഗചിത്സാ കേന്ദ്രത്തിന് ചുറ്റും നിറയുന്ന മുട്ടോളം വരുന്ന മലിനജലം കടക്കാതെ ആർക്കും ഇവിടെ പ്രവേശിക്കാൻ കഴിയില്ല.
ടൗണിലെ ഓവുചാലുകളിൽ നിന്നുമുള്ള മലിനജലം ഒഴുകിയെത്തുന്ന ആശുപത്രിയോട് ചേർന്ന ഓട സ്വകാര്യവ്യക്തികൾ മതിൽ കെട്ടി അടച്ചതാണ് ആശുപത്രിക്ക് വിനയായത്. അതുകൊണ്ടു തന്നെ ഒറ്റ മഴപെയ്താൽ പോലും ഒഴുകി എത്തുന്ന മലിനജലം മുഴുവൻ അടിച്ചു കയറുന്നത് ഈ ആശുപത്രി കോംപൗണ്ടിലേക്കാണ്. മുൻപ് ജീവനക്കാരുടെ ക്വാർട്ടേഴ്സ് ആയി ഉപയോഗിച്ച കെട്ടിടം ഉൾപ്പെടെ ആശുപത്രിയുടെ അനുബന്ധ കെട്ടിടങ്ങളെല്ലാം ഈ മലിനജലത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. മൃഗാശുപത്രി ആദ്യം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായിരുന്നപ്പോൾ നിർമ്മിച്ച ഹാച്ചറി കെട്ടിടത്തിന്റെ പിൻഭാഗവും വെള്ളത്തിലാണ്. ഈ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് അടുത്തിടെ ആരംഭിച്ച ഇരിട്ടി ലാന്റ് ട്രൈബ്യൂണൽ പ്രവർത്തിക്കുന്നത്.

ആരോഗ്യം അപകടത്തിൽ

ഇരിട്ടി നഗരസഭയായി മാറിയതോടെയാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന വെറ്ററിനറി പോളി ക്ലിനിക്ക് നഗരസഭയുടെ ഭരണത്തിന് കീഴിലായത്. മഴക്കാലം തുടങ്ങിയാൽ മലിനജലത്തിന് നടുവിൽ കഴിയേണ്ടി വരുന്ന ഇവിടുത്തെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവസ്ഥ ഏറേ ദയനീയമാണ്. ഒപ്പം കൊതുകു ശല്യവും തങ്ങളുടെ ആരോഗ്യാവസ്ഥയെത്തന്നെ ബാധിക്കുമോ എന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്.

ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഒരു ആരോഗ്യ കേന്ദ്രത്തിൽ എത്തുമ്പോൾ മലിനജലത്തിലൂടെ നടന്നുപോകേണ്ട അവസ്ഥ ഏറേ ദയനീയമാണ്.

നാട്ടുകാർ