മട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധി ഉടൻ വിഭജിക്കാൻ സാദ്ധ്യതയേറി. ചാവശ്ശേരി വില്ലേജിൽ ഉൾപ്പെടുന്ന ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ ഇരിട്ടി സ്റ്റേഷൻ പരിധിയിലും എയർപോർട്ട് സ്റ്റേഷൻ പരിധിയിൽ കീഴല്ലൂർ പഞ്ചായത്തിലെ ഭാഗങ്ങളും ചേർത്ത് വിഭജനം നടത്തണമെന്ന നിർദ്ദേശമാണ് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുള്ളത്. നിലവിൽ ജില്ലയിൽ ഏറ്റവുമധികം സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന പൊലീസ് സ്റ്റേഷനാണ് മട്ടന്നൂർ.
ഇതിന് അനുസരിച്ച ആൾബലം ഇല്ലാത്തതും ജോലി ഭാരം കൂടുതലുള്ളതും കണക്കിലെടുത്താണ് സ്റ്റേഷൻ വിഭജിക്കുന്നത്. മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകൾ, ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ എന്നിവയാണ് മട്ടന്നൂർ സ്റ്റേഷന് കീഴിൽ വരുന്നത്. കീഴല്ലൂർ പഞ്ചായത്തിലെ വായന്തോട് മുതൽ ചാലോട് വരെയുള്ള മട്ടന്നൂർ -കണ്ണൂർ റോഡിന്റെ ഇടതുവശത്തുള്ള സ്ഥലങ്ങളാണ് എയർപോർട്ട് പൊലീസ് സ്റ്റേഷന് കീഴിൽ വരിക. ചാവശ്ശേരി കേന്ദ്രീകരിച്ച് പുതിയ പൊലിസ് സ്റ്റേഷൻ വേണമെന്നും കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളെ ഉൾപ്പെടുത്തി ചാലോട് സ്റ്റേഷൻ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിരുന്നു. വിമാനത്താവളം തുറന്നതോടെ മട്ടന്നൂരിലെ വാഹനത്തിരക്ക് കണക്കിലെടുത്ത് ട്രാഫിക് പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും പരിഗണനയിലുണ്ട്.