കൂത്തുപറമ്പ്: ടൗണിലെ അനധികൃത പാർക്കിംഗിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ. ടൗണിലെ ട്രാഫിക് സർക്കിളിലെ അപാകതകൾ പരിഹരിക്കാനും തീരുമാനമായി. നഗരസഭാ ഓഫീസിൽ ചേർന്ന ട്രാഫിക് അവലോകന യോഗമാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ശക്തമായ നടപടികൾ കൈക്കൊള്ളൻ ട്രാഫിക് അവലോകനം തീരുമാനിച്ചത്.

പാർക്കിംഗിന് ആവശ്യമായ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. നരവൂർ റോഡിൽ നിന്നും കൃഷിഭവൻ വരെയുള്ള റോഡിൽ പാർക്കിംഗ് സ്ഥലം ഒരുക്കും. അതോടൊപ്പം ആശുപത്രി റോഡ്, സ്റ്റേഡിയം റോഡ് എന്നിവിടങ്ങളിലും സ്വകാര്യ വാഹനങ്ങൾക്ക് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കും. അതോടൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പേപാർക്കിംഗിനും അനുവാദം നൽകും. കണ്ണൂർ റോഡ് ജംഗ്ഷനിലെ ട്രാഫിക് സർക്കിളിൽ റിഫ്ളക്ടറുകൾ സ്ഥാപിക്കും. അതോടൊപ്പം ദിശാസൂചിക ബോർഡുകളും സ്ഥാപിക്കും. നഗരസഭാ ചെയർപേഴ്സൺ വി.സുജാതയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനങ്ങൾ.