photo
പഴയങ്ങാടി റയിൽവെ അടിപ്പാലത്തിന് കീഴിലെ റോഡിലെ വെള്ളക്കെട്ട്

പഴയങ്ങാടി: മഴ കനത്തതോടെ പഴയങ്ങാടി റയിൽവെ അടിപ്പാലത്തിന് കീഴിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. കാൽനടയാത്രക്കാർക്കോ ഇരുചക്രവാഹനങ്ങൾക്കോ കടന്നുപോകാൻ കഴിയാത്ത തരത്തിലാണ് വെള്ളം കയറിയിരിക്കുന്നത്..ഇടുങ്ങിയ പാലത്തിന് കീഴിലെ റോഡിലേക്ക് പല ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകിയിറങ്ങുകയാണ്.

വർഷക്കാലത്തെ സ്ഥിരം കാഴ്ചയാണിതെന്ന് നാട്ടുകാർ പറ‍ഞ്ഞു. അനുബന്ധ റോഡിൽ നിന്നും ഏറെ താഴ്ന്നാണ് അടിപ്പാതയുള്ളത്. പതിറ്റാണ്ടുകൾക്ക് മുൻപ് റെയിൽവേ പണികഴിപ്പിച്ച പാലത്തിന് കീഴെ വീതി കുറഞ്ഞ റോഡാണുണ്ടായിരുന്നത്. ക്രമേണ അനുബന്ധ റോഡുകളുടെ ഉയരം വർദ്ധിച്ചപ്പോൾ പാലത്തിന് അടിയിലെ റോഡ് താഴ്ന്ന് പോകുകയുമായിരുന്നു.

കാൽനട യാത്രക്കാർ പാലത്തിന് മുകളിലൂടെ റെയിൽ മുറിച്ച് കടന്നാണ് യാത്ര ചെയ്യുന്നത്.ഇത് ഏറെ അപകടം നിറഞ്ഞതാണ് ബദൽ സംവിധാനം ഒരുക്കുന്നതിനായി മണ്ഡലം മുൻ എം .എൽ .എ യും മുൻ എം. പി യും ഇടപ്പെട്ടതിനെ തുടർന്ന് റയിൽവേ ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. പുതിയങ്ങാടി,മാട്ടൂൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്ന ഈ റോഡ് ഏറെ തിരക്കേറിയതുമാണ്. പഞ്ചായത്ത് അധികൃതരെങ്കിലും അടിയന്തിരമായി ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം