നീലേശ്വരം: നാടിന്റെ വൈദ്യുതക്ഷാമം പരിഹരിക്കുന്ന 400 കെ.വി. വൈദ്യുതി സ്റ്റേഷനായി നാടിന്റെ ജലസംഭരണിയായി നിൽക്കുന്ന സ്ഥലം പരിഗണിക്കുന്നതിൽ പ്രതിഷേധവുമായി കിനാനൂർ കരിന്തളം പഞ്ചായത്തിലെ കയനിഗ്രാമം.നാലുഭാഗവും പാറയാൽ ചുറ്റപ്പെട്ട ഗ്രാമത്തിലെ ഏറ്റവും താഴ്ന്നുനിൽക്കുന്ന ഭാഗത്താണ് സബ് സ്റ്റേഷൻ നിർമ്മിക്കാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. തങ്ങളുടെ വെള്ളംകുടി മുട്ടുമെന്ന ആശങ്കയിലാണ് കയനിക്കാർ.
മഴ പെയ്തതോടെ വെള്ളം നിറഞ്ഞിരിക്കുകയാണിവിടം. ജലസമൃദ്ധിയുടെ ഈ കാഴ്ച നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. നേരത്തെ വയലായിരുന്ന പ്രദേശം കൂടിയാണിത്. മഴക്കാലത്ത് വെള്ളം സംഭരിച്ചുനിർത്തുന്നതിലൂടെ നാടിന്റെ പ്രധാന ജലസംഭരണിയാണ് സ്ഥലമെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും.ഈ ജലമാണ് നൂറോളം കുടുംബങ്ങളുടെ കിണറുകൾ സമൃദ്ധമാക്കുന്നത്. എന്നാൽ സബ്സ്റ്റഷൻ പദ്ധതി വരുന്നതോടെ പ്രദേശത്തെ വയലും തോടുമടങ്ങിയ ജൈവസമ്പത്ത് നഷ്ടമാകുമെന്ന് നാട്ടുകാർ ഭയയ്ക്കുകയാണ്. ഈ സ്ഥലത്ത് പദ്ധതി വരുന്നു എന്നറിഞ്ഞതോടെ ശക്തമായ എതിർപ്പാണ് നാട്ടുകാർ പ്രകടിപ്പിക്കുന്നത്.
പദ്ധതി നഷ്ടമാക്കേണ്ട
പദ്ധതി നാടിന് നഷ്ടമാകരുതെന്നാണ് കയനിക്കാർ ഒന്നടങ്കം പറയുന്നത്.പക്ഷെ അതിന് പറ്റിയ സ്ഥലം ഇതല്ല, തൊട്ടടുത്ത് 10 ഏക്കറോളം സർക്കാർഭൂമിയാണ് അനുയോജ്യം. പദ്ധതി 10 ഏക്കറോളം വയൽ ആയിരുന്നാൽ അത് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്ഥലം എം.എൽ.എ. ഇ. ചന്ദ്രശേഖരനും എംപി രാജ്മോഹൻ ഉണ്ണിത്താനും സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ ആവശ്യം വകുപ്പ് മന്ത്രിയെ അറിയിക്കുമെന്ന് പറഞ്ഞതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. സ്ഥലം സന്ദർശിച്ചിരുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും ഈ കാര്യം അറിയിച്ചതുമാണ്. തുടർനടപടി ഉണ്ടായില്ലെങ്കിൽ സമരപ്പന്തൽ കെട്ടി നിരാഹാര സമരം ഇരിക്കുമെന്നാണ് നാട്ടുകാർ പറയുന്നത് .നിലവിൽ അരീക്കോട്-കാഞ്ഞിരോട് 220 കെ.വി. ലൈൻ വഴിയാണ് ജില്ലയിൽ വൈദ്യുതിയെത്തുന്നത്. ഇതിന് എന്തെങ്കിലും തടസ്സം നേരിട്ടാൽ ജില്ല ഇരുട്ടിലാകും. പദ്ധതി നഷ്ടമാകരുതെന്നും സമീപത്തെ സർക്കാർ ഭൂമിയിൽ നടപ്പാക്കണമെന്നുമാണ് ജനങ്ങൾആവശ്യപ്പെടുന്നത്.
900 കോടിയുടെ പദ്ധതി
ഉഡുപ്പിയിൽനിന്ന് കാസർകോട്ടേക്ക് 400 കെ.വി. വൈദ്യുതി എത്തിക്കുന്ന പദ്ധതി 900 കോടി രൂപ ചെലവിലാണ് നടപ്പാക്കുന്നത്.ഇതിനായി കമ്പനി കയനിയിൽ പത്തേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയായിരുന്നു. ഇവിടെയൊരുങ്ങുന്ന സബ്സ്റ്റേഷനിൽനിന്ന് 220 കെ.വി.യായി വൈദ്യുതിയുടെ പ്രസരണശേഷി ചുരുക്കി കെ.എസ്.ഇ.ബി.ക്ക് വിൽക്കും.