bhavani
ടോക്യോ ഒളിമ്പിക്സിൽ ഫെൻസിംഗിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്ന ഭവാനിദേവി

തലശ്ശേരി: ടോക്യോ ഒളിമ്പിക്സിന് ദീപശിഖ ഉയരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തലശ്ശേരി ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്. ജന്മം കൊണ്ട് നാട്ടുകാരിയല്ലെങ്കിലും തങ്ങളുടെ നാട്ടിൽ പരിശീലനം നേടി വളർന്ന പെൺകുട്ടി രാജ്യത്തിനായി ഫെൻസിംഗിൽ ഒരു മെഡൽ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണിവർ.

സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) തലശ്ശേരി കേന്ദ്രത്തിൽ ഫെൻസിംഗിൽ പയറ്റിത്തെളിഞ്ഞ എ. ഭവാനി ദേവിക്കായി കൈയടിക്കുകയാണ് നാട്. ഫെൻസിംഗിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഭവാനി ദേവി. . ചെന്നൈ വാഷർമെൻപേട്ട് ടി.എച്ച് റോഡിലെ സി. ആനന്ദസുന്ദരരാമന്റെയും രമണിയുടെയും മകളായ ഭവാനി ദേവി 2008 മുതൽ 11 വർഷമായി തലശ്ശേരി സായി സെന്ററിലാണ്. കോച്ച് സാഗർ എസ്. ലാഗുവിന് കീഴിലെ പരിശീലനമാണ് ഏറ്റവും വലിയ കായികവേദിയിലേക്ക് വരെ ഭവാനിയെ ഉയർത്തിയതിന് പിന്നിൽ. രാജ്യാന്തര മത്സരങ്ങളിലെ മികവാണ് ഭവാനിക്ക് ഒളിമ്പിക്സിലേക്ക് വഴി തെളിയിച്ചതെന്ന് കോച്ച് പറഞ്ഞു.
കോമൺവെൽത്ത് ഫെൻസിംഗിൽ സ്വർണവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട് തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥയായ ഭവാനി .തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലും, ബ്രണ്ണൻ കോളേജിലുമായിരുന്നു പഠനം പൂർത്തിയാക്കിയത്. ഇറ്റലി, ഹംഗറി എന്നിവിടങ്ങളിൽ വിദഗ്ദ്ധ പരിശീലനവും നേടിയിട്ടുണ്ട്

തലശ്ശേരിയിൽ നിന്ന് ഒളിമ്പിക്സിലേക്ക് രണ്ടാമത്തെ താരം

തലശേരിയുടെ മണ്ണിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന രണ്ടാമത്തെ താരമാണ് ഭവാനി. ലണ്ടൻ ഒളിമ്പിക്സിൽ ട്രിപ്പിൾ ജംപിൽ പങ്കെടുത്ത മയൂഖ ജോണിയാണ് സായിയിൽ നിന്നുള്ള ആദ്യ ഒളിമ്പ്യൻ. കോച്ച് ജോസ് മാത്യുവിന് കീഴിലാണ് മയൂഖ പരിശീലിച്ചത്. മയൂഖയ്ക്ക് പിറകെ ഭവാനിയും ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്നത് ഏറെ ആഹ്ലാദകരമാണെന്ന് സായ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഇൻചാർജ് ടി.സി. മനോജ് പറഞ്ഞു. ഭവാനി ഒളിമ്പിക്സ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ സായി സെന്ററിൽ പരിശീലനം നേടുന്ന മറ്റ് കുട്ടികളും ആഹ്ലാദത്തിലാണ്.

ഫെൻസിംഗ്
ചെറിയ തരം വാൾ ഉപയോഗിച്ച് രണ്ടു പേർ തമ്മിൽ നടത്തുന്ന ഒരു വാൾപ്പയറ്റ് കായിക മത്സരമാണ് ഫെൻസിംഗ്. വാൾ പ്രയോഗത്തിലുള്ള വൈദഗ്ദ്ധ്യമാണ് ഈ മത്സരത്തിന്റെ അടിസ്ഥാനം.19ാം നൂറ്റാണ്ടിന്റെ അവസാനമാണ് ഫെൻസിംഗ് വികസിപ്പിച്ചെടുക്കുന്നത്. ഉപയോഗിക്കുന്ന ആയുധത്തിന്റെ രീതി, വ്യത്യസ്ത നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിട്ടുണ്ട്. ഫോയിൽ, ഇപീ, സാബർ എന്നിവയാണിവ. സ്വിറ്റ്സർലൻഡിലെ ലൗസാനെ ആസ്ഥാനമായുള്ള ഫെഡറേഷൻ ഇന്റർനാഷണൽ ഡി എസ്‌ക്രിമെ (എഫ്.ഐ.ഇ) ആണ് ഫെൻസിംഗിന്റെ ഭരണ സമിതി.