കൂക്കോട് : വിപ്ലവഭൂമിയായ കയ്യൂരിനോട് ചേർന്ന കൂക്കോട്ടെ ക്യൂബൻ വയലിൽ ഉയർന്ന ഏറുമാടവും കാട്ടുമൃഗങ്ങളെ തുരത്താനല്ല.കൊവിഡ് കാലത്ത് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് കൊവിഡ് കാലത്ത് ചെത്തിക്കറങ്ങാൻ എത്തുന്നവരും അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരുമെല്ലാം ഇവരുടെ നിരീക്ഷണത്തിലാണ്. കൊവിഡ് പ്രതിസന്ധി തീർന്നാൽ കണ്ണഞ്ചിപ്പിക്കും കാഴ്ചയുമായി ഒരുങ്ങിനിൽക്കുന്ന പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ വയൽക്കൂടാരങ്ങൾ ശ്രദ്ധയാകർഷിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.
പാലായി ഷട്ടർ കം ബ്രിഡ്ജ് കൂടി വന്നതോടെ ഏറുമാടത്തിന്റെ നാട്ടുഭംഗി കാണാൻ ഒരുപാടു പേർ എത്തുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇടം നേടിയ കയ്യൂരെന്ന ഗ്രാമത്തിന്റെ വയലുകളും തോടുകളും കൃഷിയിടങ്ങളും അടങ്ങുന്ന ദൃശ്യഭംഗി അത്രയ്ക്ക് മനോഹരമാണ്.നീലേശ്വരത്തുനിന്നും പാലായി റെഗുലേറ്റർ കം ബ്രിഡ്ജ്, കയ്യൂർ അരയാക്കടവ് രക്തസാക്ഷി സ്തൂപം, കൂക്കോട്ടെ പ്രകൃതിഭംഗി എന്നിവ നുകർന്ന് ചീമേനിയിൽ എത്താമെന്നത് ഭാവിയിൽ ടൂറിസം മേഖലയിൽ വലിയ വിപ്ളവമുണ്ടാക്കുമെന്നും ഇവർ കരുതുന്നുണ്ട്.
തേജസ്വിനി പുഴയോരവും കവുങ്ങിൻ തോട്ടവും വയലുകളും ഇടകലർന്ന കൂക്കോട്ടെ ആണിതോടിന് കുറുകെയാണ് ഏറുമാടം സ്ഥിതി ചെയ്യുന്നത്. ക്യൂബൻ വയലിലെ കൂട്ടുകാർ ഒരു മാസത്തോളം നീണ്ട കഠിനാദ്ധ്വാനത്തിലൂടെയാണ് ഏറുമാടം നിർമിച്ചത്. എല്ലാവർഷവും ഏറുമാടം നിർമിക്കാറുണ്ടെങ്കിലും ഇത്തവണ കൂടുതൽ മോടി കൂട്ടി. മുള, കവുങ്ങ്, ഇരുമ്പ് പൈപ്പ്, ഓല എന്നിവയാണ് നിർമ്മാണത്തിനുപയോഗിച്ചത്. അധികം വൈകാതെ തന്നെ ഏറുമാടം സോഷ്യൽ മീഡിയയിൽ വൈറലായി. സി. അഭിനന്ദ്, എം. രോഹിത്, ആദർശ്, അഭിനന്ദ് സുരേഷ്, ജയദീപ് മിഥുൻ, അഭിനവ്, സായന്ത്, മധുരാജ് തുടങ്ങി പത്തോളം ചെറുപ്പക്കാരാണ് ഏറുമാടത്തിന്റെ അണിയറശില്പികൾ.