ഭൂമി ഏറ്റെടുക്കലിന് 337 കോടി
റോഡ് നിർമ്മാണത്തിന് 401 കോടി
കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് 738 കോടി
കണ്ണൂർ : നാല് റോഡുകളുടെ ഭൂമി ഏറ്റെടുക്കൽ രണ്ട് മാസത്തിനകം പൂർത്തിയാക്കി കണ്ണൂർ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കേരള റോഡ് ഫണ്ട് ബോർഡ് നടപ്പിലാക്കുന്ന 738 കോടി രൂപയുടെ സിറ്റി റോഡ് പദ്ധതിയിൽ ആകെയുള്ള 11 റോഡുകളിൽ ഏഴെണ്ണത്തിന്റെ പ്രവൃത്തി ആദ്യഘട്ടമായി പൂർത്തീകരിക്കും. ഇതിൽ നാല് റോഡുകളുടെ ഭൂമി ഏറ്റെടുക്കൽ ഒക്ടോബറോടെ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.കാൽടെക്സ് ഫ്‌ളൈ ഓവറും മേലെ ചൊവ്വ അടിപ്പാതയും ഉൾപ്പെടെയുള്ളതാണ് സിറ്റി റോഡ് പദ്ധതി.
ഡിസൈൻ ബിൽഡ് ഫിനാൻസ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ മാതൃകയിൽ മൂന്ന് വർഷത്തിനകം റോഡ് നിർമാണം പൂർത്തിയാക്കും. 15 കൊല്ലത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തണമെന്ന വ്യവസ്ഥയും ഇതിലുണ്ട്. അവലോകന യോഗത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ .വി. സുമേഷ്,ജില്ലാ കളക്ടർ ടി .വി. സുഭാഷ്, ഡെപ്യൂട്ടി മേയർ കെ .ഷബീന , ഡി.ഡി.സി സ്‌നേഹിൽ കുമാർ സിംഗ്, കെ.ആർ.എഫ്.ബി പ്രൊജക്ട് കോഓർഡിനേറ്റർ സി. ദേവേഷ്, അസിസ്റ്റന്റ് പ്രൊജക്ട് മാനേജർ എൻ. മുഹമ്മദ് സിനാൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഏഴു റോഡുകൾ (ആദ്യഘട്ടം)
ദേശീയപാത മന്ന ജംഗ്ഷൻ മുതൽ ചാല ജംഗ്ഷൻ വരെയുള്ള 12.745 കി.മി
പൊടിക്കുണ്ട് റോഡ് ജംഗ്ഷൻ മുതൽ കൊറ്റാളി റോഡ് ജംഗ്ഷൻ വരെയുള്ള 1.44 കി.മി
തയ്യിൽ മുതൽ തെഴുക്കിലപീടിക വരെ യുള്ള 2.18 കി.മി
പ്ലാസ ജംഗ്ഷൻ വഴി മുനീശ്വരൻ കോവിലിൽ അവസാനിക്കുന്ന 3.1 കി.മി ഇന്നർ റിംഗ് റോഡ്,
പട്ടാളം റോഡ് മുതൽ പൊലീസ് ക്ലബ് ജംഗ്ഷൻ വരെയുള്ള 0.99 കി.മി
എസ്.പി.സി.എ ജംഗ്ഷൻ മുതൽ എ.കെ.ജി ആശുപത്രി വരെയുള്ള 0.96 കിലോമീറ്റർ ജയിൽ റോഡ്
കുഞ്ഞിപ്പള്ളി മുതൽ പുല്ലൂപ്പി വരെയുള്ള 1.65 കി.മി
രണ്ടാംഘട്ടം നാലുറോഡുകൾ (രണ്ടാംഘട്ടം)
കൊറ്റാളി ജംഗ്ഷൻ മുതൽ കണ്ണോത്തുംചാൽ ജംഗ്ഷൻ വരെയുള്ള 7.04 കി.മി മിനി ബൈപ്പാസ്
ചാലാട് മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള 4.7 കി.മി
, കക്കാട് ജംഗ്ഷൻ മുതൽ മുണ്ടയാട് പൗൾട്രി ഫാം വരെയുള്ള 2.81 കി.മി
പ്ലാസ ജംഗ്ഷൻ മുതൽ ജെ.ടി.എസ് വരെയുള്ള 6.45 കി.മി.
റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിൽ ജനപ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ കൂട്ടായ ശ്രമങ്ങൾ ഉണ്ടാവണം-മന്ത്രി എം.വി. ഗോവിന്ദൻ