പാപ്പിനിശേരി: വൈവിദ്ധ്യവത്കരണത്തിലൂടെ അതിഗംഭീര തിരിച്ചുവരവ് നടത്തുകയാണ് പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡ്. ഖനനം പ്രതിസന്ധിയിലായതിനെ തുടർന്ന് കളിമൺ വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്ഥാപനം വ്യവസായ വകുപ്പിന്റെ പൂർണപിന്തുണയോടെ വൈവിദ്ധ്യവത്കരണത്തിലേക്ക് കടന്നത്.
അടുത്ത മാസത്തോടെ സാനിറ്റൈസർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്യും. ഡിയോൺ പ്ളസ്, ഡിയോൺ ക്ളിയർ, ഡിയോൺ കെയർ എന്നീ ബ്രാന്റുകളിലാണ് ഇവ വിപണിയിലെത്തുക. ഇതോടെ സാനിറ്റൈസർ നിർമ്മാണ രംഗത്തേക്ക് കടക്കുന്ന മലബാറിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമായി കേരള ക്ലേയ്സ് മാറും.
കമ്പനിയുടെ മാങ്ങാട്ടുപറമ്പ് യൂണിറ്റിൽ മലബാർ ഇൻക്യുബേഷൻ സെന്റർ സ്റ്റാർട്ട്അപ്പിലൂടെയാണ് കമ്പനി വൈവിദ്ധ്യവതികരണത്തിലേക്ക് കടന്നത്. ഇതിനു പിന്നാലെ മത്സ്യകൃഷിയിലും സാനിറ്റൈസർ നിർമ്മാണത്തിലും പുതിയ പാതകൾ തേടുകയാണ്. മത്സ്യകൃഷിയുടെയും അലങ്കാര മത്സ്യങ്ങളുടെയും വിപണന സാദ്ധ്യതകളെ കുറിച്ച് അഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിനേശ് ചെറുവാട്ടും അക്വാ വെൻജ്വർസ് ലിമിറ്റഡ് എം.ഡി സാജുവും കഴിഞ്ഞ ദിവസം ക്ലേയ്സ് എം.ഡി ആനക്കൈ ബാലകൃഷ്ണനുമായി ചർച്ച നടത്തിയിരുന്നു.
കരിന്തളത്തും വയലപ്രയിലും ഫിഷറീസ് വകുപ്പിന് ആവശ്യമായ മത്സ്യകുഞ്ഞുങ്ങളെ കൃഷി ചെയ്യുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. പ്രതിമാസം 12 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നൽകാൻ ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കുമായി ധാരണയായിട്ടുണ്ട്. ഇതിനു പുറമെ പേൾ നിർമ്മാണ വ്യവസായത്തെ കുറിച്ചും ചർച്ച ചെയ്തിരുന്നു. മലബാറിലെ കർഷകരെ സഹായിക്കാൻ ബ്രഹ്മഗിരിയുമായി ചേർന്ന് ആഗ്രോ ഇൻഫോപാർക്ക് ആരംഭിക്കാനും പദ്ധതിയുണ്ട്. കൂടാതെ കണ്ണപുരം യൂണിറ്റിൽ കോക്കനട്ട് പ്രോസസിംഗ് യൂണിറ്റും ആരംഭിക്കുന്നുണ്ട്.
നൂറുമേനി വിളയിച്ചും..
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തുടങ്ങിയ പാഷൻ ഫ്രൂട്ട് കൃഷിയിൽ നൂറുമേനിയാണ് വിളവ്. അഞ്ചേക്കറിൽ വിളഞ്ഞുനിൽക്കുന്ന തോട്ടത്തിൽ നിന്ന് ദിവസവും അമ്പത് കിലോ പഴം വിളവെടുക്കുന്നു. ഒപ്പം ഇഞ്ചി, മഞ്ഞൾ, ചേന, വാഴ എന്നിവയും കൃഷി ചെയ്യുന്നു. കമ്പനി നേരത്തെ പാപ്പിനിശേരി ഹെഡ്ഡോഫീസിന് മുന്നിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് തുറന്നിരുന്നു.
പദ്ധതികൾ നടപ്പാകുന്നതോടെ തൊഴിലാളികൾക്ക് മുഴുവൻ ദിവസം തൊഴിൽ നൽകാനും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കാനുമാകും. പൊതുമേഖലയെ സംരക്ഷിക്കുക എന്ന സർക്കാർ നിലപാടിന്റെ ഭാഗമാണ് പുതിയ പദ്ധതികൾ.
ആനക്കൈ ബാലകൃഷ്ണൻ,എം.ഡി
കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രോഡക്ട്സ് ലിമിറ്റഡ്