ചെറുവത്തൂർ: കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ പിലിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പൊലീസിന് ചുമതല നൽകി. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകുന്നതിനും അത്യാവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതുന്നതിനും നിർദ്ദേശിച്ചു.
ജാഗ്രത സമിതികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാര്യക്ഷമമാകുന്നതിനും ക്വാറന്റൈൻ വീടുകളുടെ നിരീക്ഷണം ശക്തമാകുന്നതിനും തീരുമാനിച്ചു. സബ് കളക്ടർ ഡി.ആർ. മേഘശ്രീ, ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ, കാഞ്ഞങ്ങാട് ആർ.ഡി.ഒ, ചന്തേര, ചീമേനി പൊലീസ് ഇൻസ്‌പെക്ടർമാർ എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘം കൊവിഡ് വ്യാപനമുള്ള വാർഡുകളും, പ്രധാന കേന്ദ്രങ്ങളും സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരിയുമായി ആശയ വിനിമയം നടത്തി.