krishnakumar

ആലക്കോട്: കണ്ണൂർ ജില്ലയിലെ ആലക്കോടിനടുത്ത കൊച്ചുഗ്രാമമായ നടുവിലിന് അമേരിക്കയിലെ ടെക്സാസിലേക്കു ദൂരമെത്രയുണ്ടെന്ന ചോദ്യത്തിന് കൃഷ്ണകുമാറിന്റെ ആത്മവിശ്വാസവും നിശ്ചയദാർ‌‌ഢ്യവുമാണെന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. ന​ടു​വി​ൽ സ്വ​ദേ​ശി​യാ​യ ഈ ​നാ​ൽ​പ്പ​ത്തെ​ട്ടു​കാ​ര​ൻ പ്രവർത്തിക്കുന്നത് ടെ​ക്സാ​സ് ഐ​.ടി രം​ഗ​ത്തെ പ്രധാനസ്ഥാനത്താണ്.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ വൻകോർപ്പറേറ്റ് കമ്പനികളായ മൈ​ക്രോ​സോ​ഫ്റ്റ്, ആ​മ​സോ​ൺ, ഗൂ​ഗി​ൾ എ​ന്നി​വ​ർ അ​ണി​നി​ര​ന്ന കരുത്തരെ നേരിടാൻ ടെക്സാസ് ക​ണ്ടെ​ത്തി​യ​ത് മ​ല​യാ​ളി​യാ​യ വി. ഇ. കൃ​ഷ്ണ​കു​മാ​റി​നെയാണ്. ഇ​പ്പോ​ൾ ടെ​ക്സാ​സ് ഗ​വ​ൺ​മെ​ന്റിന്റെ ടെ​ക്സാ​സ് എ​ന്റർ​പ്രൈ​സ​സ് സൊ​ലൂ​ഷ​ൻ സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​റാ​ണ് കൃ​ഷ്ണ​കു​മാ​ർ. ഈ ​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ‍്യ മ​ല​യാ​ളി. ടെ​ക്സാ​സ് സം​സ്ഥാ​ന​ത്തി​ന്റെ 181 ഡി​പ്പാ​ർ​ട്ട്മെന്റു​ക​ളു​ടെ​യും 3,500 പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ൽ മാ​റ്റ​മാ​ണ് ഇദ്ദേഹത്തി​ന്റെ ദൗ​ത്യം.
ലജിസ്ലേറ്റീവ് ബഡ്ജറ്റ് ബോർഡിന് ഒന്നിടവിട്ട വർഷങ്ങളിൽ സമർപ്പിക്കുന്ന ഐ.ടി പ്രോജക്ടിന്റെ ബഡ്ജറ്റ് സംബന്ധിച്ച ശിപാർശകൾ തയ്യാറാക്കേണ്ട ചുമതലയുമുണ്ട്. 2018ൽ 482 മില്യൺ ഡോളറായിരുന്നു ഐ.ടി പ്രോജക്ടിന്റെ മാത്രം ബഡ്ജറ്റ്.
എന്നാൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 2020 ൽ ഇത് 898.6 മില്യൺ ഡോളറായി ഉയർത്തി. കൂടാതെ 4320 ടെക്സാസ് ആപ്ലിക്കേഷനുകളുടെ എന്റർപ്രൈസസ് ആർക്കിടെക്ചർ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ചുമതലയടക്കം ഐ.ടി മേഖലയിലെ നിരവധി പ്രോഗ്രാമുകളുടെ ചുമതലയും കൃഷ്ണകുമാറിനുണ്ട്.


പത്രപ്രവർത്തനത്തിൽ നിന്ന് ഐ.ടി. മേഖലയിലേക്ക്

നടുവിൽ ഗ്രാമപഞ്ചായത്തിന്റെ മുൻപ്രസിഡന്റും നടുവിൽ ഹൈസ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്ററുമായ കെ.പി. കേശവന്റെയും റിട്ട. ഹെഡ്മിസ്ട്രസ് വി.ഇ. രുഗ്മിണിയുടെയും മകനാണ് കൃഷ്ണകുമാർ.നടുവിൽ എൽ.പി സ്‌കൂളിലും കഴക്കൂട്ടം സൈനിക സ്‌കൂളിലും തളിപ്പറമ്പ് സർ സയ്യിദ് കോളജിലും മധുര കാമരാജ് യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പത്രപ്രവർത്തന രംഗത്തെത്തിയ കൃഷ്ണകുമാർ പി.ടി.ഐയിലടക്കം പ്രവർത്തിച്ചു. 21 വർഷംമുമ്പ് അമേരിക്കയിലേക്കു കുടിയേറി. അവിടെയും ഏറെക്കാലം പത്രപ്രവർത്തനത്തിലായിരുന്നു. പിന്നീടാണ് ഐ.ടി രംഗത്തേക്ക് ചുവടുമാറിയത്. സോഫ്റ്റ്‌വേർ എൻജിനീയറായ ഭാര്യ സജിതയ്ക്കും മക്കൾ ദ്രുപദ്, നിരുപധ് എന്നിവർക്കുമൊപ്പം ഓസ്റ്റിനിലാണ് കൃഷ്ണകുമാറിന്റെ താമസം.