കാഞ്ഞങ്ങാട്: നഗരസഭയിലെ വഴിയോര കച്ചവടക്കാരെക്കുറിച്ചുള്ള സർവ്വേക്ക് തിങ്കളാഴ്ച തുടക്കം. നഗരസഭ പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സർവ്വേ നടത്തുന്നത് നഗരസഭ ജീവനക്കാരാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സമീപത്തെ വഴിയോരക്കച്ചവടക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ചെയർസഴ്സൺ കെ.വി സുജാത സർവ്വേക്ക് തുടക്കം കുറിക്കും. ജീവനക്കാർ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കച്ചവടക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. ദേശീയ നഗര ഉപജീവന മിഷന്റെ തെരുവുകച്ചവടക്കാരെ കണ്ടെത്താനുള്ള ചോദ്യാവലിയെ അടിസ്ഥാനമാക്കിയാണ് കച്ചവടക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. കച്ചവടക്കാരന്റെ വ്യക്തി വിവരം, കച്ചവടം ചെയ്യുന്ന സ്ഥലത്തിന്റെ വിവരം, കച്ചവട സ്വഭാവം, മറ്റ് വിവരങ്ങൾ എന്നിങ്ങനെ നാലായി തിരിച്ചാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ സർവ്വേ നടക്കും. സർവ്വേ നടക്കുന്ന ദിവസം എല്ലാ വഴിയോര കച്ചവടക്കാരും തങ്ങളുടെ റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് (ആധാർ കാർഡ് ഇല്ലാത്തവർ മറ്റ് തിരിച്ചറിയൽ രേഖ) എന്നിവ കരുതേണ്ടതാണ്. സർവ്വേയ്ക്ക് നിയമിച്ചിട്ടുള്ള നഗരസഭയിലെ ജീവനക്കാർ നേരിട്ട് വഴിയോര കച്ചവടക്കാരിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കും. സർവ്വേയിൽ കണ്ടെത്തിയ എല്ലാ വഴിയോര കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകുമെന്നും നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.