ആലക്കോട്: വീടിനുള്ളിൽ വൻ വാറ്റുകേന്ദ്രം നടത്തിവന്നയാളെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. എക്‌സൈസ് പാർട്ടിയെ കണ്ട് വാറ്റുകേന്ദ്രത്തിൽ നിന്നും ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസെടുത്തു. നടുവിൽ ഗ്രാമപഞ്ചായത്തിലെ മണ്ടളം, പുലിക്കുരുമ്പ, നടുവിൽ, മണ്ണംകുണ്ട്, പുറഞ്ഞാൺ എന്നിവിടങ്ങളിൽ ആലക്കോട് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എച്ച് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് മണ്ണംകുണ്ട് നരിയമ്മാവിലെ മറ്റത്തിനാനിക്കൽ അലക്സാണ്ടറെ (ചാണ്ടി -42) എന്നയാളെ പിടികൂടിയത്. പ്ലാസ്റ്റിക് ബാരലുകളിൽ സൂക്ഷിച്ച 1140 ലിറ്റർ വാഷ്, 15 ലിറ്റർ വാറ്റുചാരായം എന്നിവയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇയാളുടെ സഹായി നടുവിൽ സ്വദേശി കിഴക്കനടിയിൽ കെ.ആർ. രാജേഷിനെതിരേയാണ് കേസെടുത്തത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണത്രെ.
പ്രിവന്റ്രീവ് ഓഫീസർമാരായ പി.ആർ. സജീവ്, കെ. അഹമ്മദ്, സി.ഇ.ഒമാരായ എം.ബി മുനീർ, വി. ധനേഷ്, പി. ഷിബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.