കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ എട്ടുനില കെട്ടിടം നിർമ്മിക്കാനുള്ള പണി തുടങ്ങിയിട്ട് വർഷങ്ങളായി. ഏത് കാലത്താണ് കെട്ടിടം പണി പൂർത്തിയായി രോഗികൾക്കായി തുറന്നുകൊടുക്കുകയെന്ന് ആർക്കും നിശ്ചയമില്ല. ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പണി അനന്തമായി നീളുമ്പോൾ താലൂക്കിലെ നൂറുകണക്കിന് രോഗികൾ നിത്യവും ആശ്രയിക്കുന്ന ജനറൽ ആശുപത്രി പരിമിതികളിൽ വീർപ്പുമുട്ടുകയാണ്.
കല്ലുകെട്ടി കോൺക്രീറ്റ് ജോലികൾ പൂർത്തിയായ ഘട്ടത്തിലാണ് ഇപ്പോഴും ഈ ബഹുനില മന്ദിരമുള്ളത്. വയറിംഗ് ജോലികൾ, തേപ്പ്, ടൈൽസ് പാകൽ അടക്കമുള്ള പ്രവൃത്തികളാണ് ബാക്കിയുള്ളത്. ആശുപത്രികളുടെ ഭരണനിർവഹണം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയെങ്കിലും ജനറൽ ആശുപത്രിയിലെ കെട്ടിടനിർമ്മാണ കാര്യത്തിൽ നഗരസഭ കൈമലർത്തുകയാണ്. ജനറൽ ആശുപത്രി അധികൃതർക്കും നിർമ്മാണ ജോലികൾ മുടങ്ങിയതിന്റെ കാരണം അറിയില്ല. ജില്ലാ പഞ്ചായത്തിന്റെ എൻജിനീയറിംഗ് വിഭാഗമാണ് നിർമ്മാണ ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത് എന്ന് മാത്രം ആശുപത്രി അധികൃതർക്ക് അറിയാം. ഇവർക്കാർക്കും അതിന്മേൽ മറ്റു നിയന്ത്രണങ്ങളൊന്നുമില്ല.
ഒരു വർഷം മുമ്പ് പൂർത്തിയാക്കേണ്ട കെട്ടിടത്തിൽ മാസങ്ങളായി പ്രധാന പ്രവൃത്തികളൊന്നും നടക്കുന്നില്ല. കൊവിഡ് വ്യാപനത്തിനൊപ്പം കരാറുകാരന് ലഭിക്കേണ്ട ബിൽ തുക ലഭിക്കാതായതോടെയാണ് നിർമ്മാണ ജോലികൾ നിലച്ചതെന്നും പറയുന്നുണ്ട്. എട്ടുനില കെട്ടിടത്തിന്റെ സിവിൽ പ്രവൃത്തികൾ എട്ടു കോടി രൂപയ്ക്കാണ് കരാറുകാരനായ ചെർക്കള സ്വദേശി എം.എ നാസർ ടെണ്ടർ വിളിച്ചത്. ഏകദേശം ആറ് കോടിയോളം രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചതായി കരാറുകാരൻ പറയുന്നു. ഇതിൽ രണ്ടര കോടിയോളം രൂപ കുടിശ്ശികയാണ്.
കരാറുകാരന് 2.5 കോടി കുടിശിക
നബാർഡ് ഫണ്ട് മുട്ടി
എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം തുടങ്ങിയത്. നിശ്ചയിച്ച കാലപരിധിക്കുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാലാണ് ഫണ്ട് ലഭിക്കാത്തതെന്നാണ് വിവരം. എന്നാൽ, പ്രവൃത്തിക്ക് നബാർഡിന്റെ അനുമതി ലഭിച്ചിട്ടും ഏറെ വൈകിയാണ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതെന്നും ആക്ഷേപമുണ്ട്. 2018 ൽ പദ്ധതിയുടെ ടെണ്ടർ ആയിരുന്നെങ്കിലും ആ കരാറുകാരൻ പിൻമാറിയതോടെ 2019ൽ വീണ്ടും ടെണ്ടർ വിളിച്ചപ്പോഴാണ് ഇപ്പോഴത്തെ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തത്.
കെട്ടിടം പണി പൂർത്തിയായാൽ ആശുപത്രിക്ക് കൂടുതൽ സൗകര്യമാകും. ജില്ലാ പഞ്ചായത്താണ് കെട്ടിടം പണിയുന്നത്. ഞങ്ങൾക്ക് അതിൽ യാതൊരു അധികാരവും ഇല്ലാത്തതിനാൽ മറ്റു കാര്യങ്ങളെ കുറിച്ചൊന്നും അറിയില്ല.
അഡ്വ. വി.എം മുനീർ(ചെയർമാൻ, കാസർകോട് നഗരസഭ)