മേഖലാതല ഉദ്ഘാടനം മന്ത്രി എം .വി ഗോവിന്ദൻ നിർവ്വഹിച്ചു
കണ്ണൂർ :മിൽമ മലബാർ യൂണിറ്റ് കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചുള്ള ഫുഡ് ട്രക്ക് പ്രവർത്തനം തുടങ്ങി. സംരംഭത്തിന്റെ മേഖലാതല ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവ്വഹിച്ചു. വിവിധങ്ങളായ മിൽമ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി സാദ്ധ്യത ഉറപ്പുവരുത്താൻ പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
മലബാർ മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിൽമ ഫുഡ് ട്രക്ക് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഉത്പന്നങ്ങൾ വാങ്ങുന്നതോടൊപ്പം ചായയും പലഹാരങ്ങളും കഴിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പഴയ കെ.എസ്.ആർ.ടി.സി ബസുകൾ നവീകരിച്ച് ഫുഡ് ട്രക്കാക്കി മാറ്റി പ്രധാന നഗരങ്ങളിലെ ഡിപ്പോകളിലൂടെയാണ് വിപണനം. മലബാറിലെ എല്ലാ ജില്ലകളുടെയും ആസ്ഥാനത്ത് ഫുഡ് ട്രക്ക് പദ്ധതി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മിൽമ.
കണ്ണൂർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മിൽമ മലബാർ യൂണിയൻ ചെയർമാൻ കെ.എസ് മണി അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, കൗൺസിലർ അഡ്വ. പി.കെ. അൻവർ, കെ.സി.എം.എം.എഫ് ഡയറക്ടർ പി.പി നാരായണൻ, കെ.എസ്.ആർ.ടി.സി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ. യൂസഫ്, മലബാർ യൂണിയൻ എം.ഡി ഡോ. പി. മുരളി, ഡയറക്ടർ കെ. സുധാകരൻ എന്നിവർ പങ്കെടുത്തു.