gold

കണ്ണൂർ: അന്വേഷണവും അറസ്‌റ്റും തകൃതിയായി നടക്കുമ്പോഴും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ഒരു കുറവുമില്ല. കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കസ്‌റ്റംസ് രണ്ടര കിലോ സ്വർണം പിടികൂടി. രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലേക്കും കണ്ണൂർ അഴീക്കൽ കപ്പക്കടവ് സ്വദേശി അർജുൻ ആയങ്കിയിലേക്കും എത്തിനിൽക്കുകയാണ്. എന്നാൽ സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയാണെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാൾ പുറത്തില്ലാത്തപ്പോഴും കടത്തിന് ഒരു കുറവുമില്ലെന്നാണ് ഇന്നലത്തെ സംഭവം സൂചിപ്പിക്കുന്നത്.

സ്വർണക്കടത്തിന്,​ അർജുൻ ആയങ്കിക്കും മുകളിൽ കൂടുതൽ പേർ ഉണ്ടെന്നാണ് അടിക്കടിയുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഇവരെക്കുറിച്ചുള്ള സൂചന പോലും കസ്‌റ്റംസിനോ പൊലീസിനോ ലഭിച്ചിട്ടില്ല.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയടക്കമുള്ളവരുടെ പങ്കും ഇതിനകം പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ ബന്ധം ഉള്ളതിനാൽ തന്നെ സൂത്രധാരന്മാരെ കണ്ടെത്തുക വെല്ലുവിളി ഏറിയതാണ്. പിടികൂടപ്പെടുന്നവരുടെ രാഷ്ട്രീയ ബന്ധം ജനം അറിയുമ്പോൾ അവരെ മാത്രം പുറത്താക്കി മുഖം രക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിൽ തന്നെ കടത്തിനെ സഹായിക്കുന്നവരുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളം സ്വർണം കടത്തുന്നതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നതാണോ എന്നതരത്തിലുള്ള ചർച്ചയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഈ വർഷം ഇതുവരെ 102.5 കിലോ സ്വർണമാണ് ഇവിടെ പിടികൂടിയത്. ഈ മാസം ആദ്യവാരം ഒന്നേ മുക്കാൽ കിലോയോളം സ്വർണം വിമാനത്താവളത്തിലെ വേസ്‌റ്റ് ബാസ്‌കറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

മലദ്വാരത്തിലും മറ്റുമായി ഒളിപ്പിച്ചാണ് സ്വർണം കടത്തുന്നത്. ഇങ്ങനെ കടത്തിയ മൂന്നംഗ സംഘത്തെ കഴിഞ്ഞ മാസം വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. 2432 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇതിന് തൊട്ടുമുമ്പുള്ള ദിവസം ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ ബാലുശേരി കുഴിയിലെ പിലാത്തോട്ടത്തിൽ മുനീറിൽ നിന്നും 26 ലക്ഷം വരുന്ന 540 ഗ്രാം സ്വർണവും, ഇതേദിവസം രാവിലെ 9.30ന് ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ വടകര തുണ്ടിയിൽ താഴെ ഫിറോസിൽ നിന്നും 58,61,000 രൂപ വിലമതിക്കുന്ന 1211 ഗ്രാം സ്വർണവും, വൈകുന്നേരം 4.30 ന് ബഹ്റിനിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി കുനിയിൽ അബ്ദുള്ളയിൽ നിന്നും 33 ലക്ഷം രൂപ വിലമതിക്കുന്ന 681 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്. ആരാണ് ഇവർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വർണം നൽകിയതെന്നും ആർക്കു വേണ്ടിയാണ് കൊണ്ടുവരുന്നതെന്നും ഇവരെ കൊണ്ട് കസ്‌റ്റംസിന് പറയിപ്പിക്കാൻ കഴിയാറില്ല. ഇതുതന്നെയാണ് കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് വ്യാപകമാവാൻ കാരണവും.

കടത്തിക്കൊണ്ടുവരുന്ന സ്വർണം പലതവണയായി പൊട്ടിക്കൽ സംഘം കടത്തുകാരിൽ നിന്നും തട്ടിപ്പറിച്ചെടുത്തതായി കസ്‌റ്റംസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കടത്തുന്ന വലിയൊരു അളവ് സ്വർണത്തിൽ നിന്നും ചെറിയൊരു ശതമാനം മാത്രമേ പിടിയിലാകുന്നുള്ളുവെന്ന യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജീവിക്കാൻ വകയില്ലാതെ എല്ലാ വഴികളും അടയുമ്പോൾ കടത്തിന്റെ കാരിയർമാർ ആകുന്നവരാണ് ഇതേവരെ പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും.