കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നപ്പോൾ ജില്ല അഭിമാനകരമായ നേട്ടമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് കൂടിയ വിജയ ശതമാനം നേടിയ ജില്ലയിൽ എന്നാൽ എല്ലാ വിജയികൾക്കും തുടർ പഠനത്തിന് സൗകര്യമില്ല. കൂടുതൽ പേർ മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടുകയും, റെക്കാർഡ് വിജയം കരസ്ഥമാക്കുകയും ചെയ്ത ഇത്തവണ വിദ്യാർത്ഥികൾക്ക് ഇഷ്ട സ്‌കൂൾ, ബാച്ച് എന്നിവ ലഭിക്കുമോ എന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

70 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുപോലും മെറിറ്റ് സീറ്റ് ലഭിക്കില്ലെന്നും പറയുന്നു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ മേഖലയിലാണ് ഈ ദുരവസ്ഥ തുടരുന്നത്. മറ്റു ജില്ലകളിൽ മെച്ചമായ സ്ഥിതിയാണ്.

പുതിയ അദ്ധ്യയന വർഷത്തിൽ ലഭ്യമായ കണക്കുകൾ നോക്കിയാൽ 20 ശതമാനത്തിലധികം വിദ്യാർത്ഥികൾ, അതായത് 6,714 വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റിന് പുറത്താണ്. ഇതിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം തരം വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം കൂടി ചേർത്താൽ അവസരം നിഷേധിക്കപ്പെടുന്നവരുടെ എണ്ണം കൂടും.

ഈ വർഷം ജില്ലയിൽ 34481 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. എന്നാൽ 81 ഗവ. സ്‌കൂളുകളിലും 61 എയ്ഡഡ് മേഖലയിലുമായി 21,520 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. മറ്റു ഉപരിപഠന സാദ്ധ്യതകളായ പോളി ടെക്‌നിക്, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ എന്നിവയിലായി 3061 സീറ്റുകളുമുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ 6,247 സീറ്റുകളുണ്ട്. എന്നാലും പ്ലസ് വൺ വിദ്യാഭ്യാസത്തിന് പടിക്ക് പുറത്ത് നിൽക്കേണ്ട അവസ്ഥയാണ് ബാക്കിയുള്ള വിദ്യാർത്ഥികൾക്ക്.

സീറ്റ് വർദ്ധന പരിഹാരം

കഴിഞ്ഞവർഷം ഇതേ സ്ഥിതിയുണ്ടായപ്പോൾ 20 ശതമാനം സീറ്റ് വർദ്ധന വരുത്തി 50 പേർ പഠിക്കേണ്ട ക്ലാസുകളിൽ 60 വിദ്യാർത്ഥികൾക്ക് പ്രവേശനം നല്കിയിരുന്നു. ജില്ലയിലെ പകുതിയലധികം സർക്കാർ വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിക്കുകയും നിലവിൽ ഹയർ സെക്കൻഡറി ഇല്ലാത്ത സ്‌കൂളുകളിൽ അനുവദിക്കുകയും ചെയ്താൽ ഒരു പരിധി വരെ ജില്ലയിലെ പ്രതിസന്ധിക്ക് പരിഹാരമാവും. കൂടാതെ പോളിടെക്നിക്, ഐ.ടി.ഐ മേഖലകളിലും സീറ്റ് വർദ്ധന അനിവാര്യമാണ്.

തുടർപഠനത്തിന് ആവശ്യമായ ബാച്ചുകളും മെറിറ്റ് സീറ്റുകളും ഇല്ലാത്തത് സർക്കാർ മലബാർ മേഖലയോട് പുലർത്തുന്ന വിവേചനമാണ്. ആവശ്യമായ സീറ്റ് വർദ്ധന നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും.

ലുബൈബ് ബഷീർ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്