waste

കണ്ണൂർ: പ്ളാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളുംകൊണ്ട് പൊറുതിമുട്ടുന്ന നാളുകൾ ഇനി കല്യാശേരിയിൽ ഉണ്ടാവില്ല. മാലിന്യനീക്കം കൈകാര്യം ചെയ്യാനും മൊബൈൽ ആപ്പായി. സ്മാർട്ട് ഗാർബേജ് ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ വഴി മാലിന്യ ശേഖരണം,അതിന്റെ നീക്കം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പദ്ധതിക്ക്

ആഗസ്റ്റോടെ കല്യാശേരി ബ്ളോക്ക് പഞ്ചായത്തിൽ തുടക്കമാകുമ്പോൾ എട്ടു ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതിനായിരത്തോളം വീടുകൾക്കും അയ്യായിരത്തോളം കടകൾക്കും പ്രയോജനം ലഭിക്കും.
ഹരിതകർമ്മസേന അംഗങ്ങളാണ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നത്. മാലിന്യത്തിന്റെ അളവ്, ശേഖരിച്ച തീയതി, യൂസർ ഫീ, തുടങ്ങിയവ ഡിജിറ്റൽ ആപ് വഴി ഹരിതകർമ്മസേന രേഖപ്പെടുത്തും. വീട്ടുടമ ഒരു മാസം 50 രൂപയാണ് നൽകേണ്ടത്.ഹരിതകേരളം മിഷൻ, ക്ലീൻ കേരള കമ്പനി ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്.

നേട്ടം

മാലിന്യശേഖരണം കൃത്യമായി മുടക്കംകൂടാതെ നടക്കും.

മാലിന്യം നൽകാത്ത വീടുകളെ തിരിച്ചറിയാം

യൂസർ ഫീസിന്റെ കൃത്യമായ കണക്ക്

ഹരിതകർമ്മസേന അംഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കൽ

വീട്ടുകാർ അറിയാൻ

വീട്ടുടമകളുടെയും കടയുടമകളുടെയും മൊബൈൽ നമ്പരും വിവരങ്ങളും പഞ്ചായത്ത് പ്രസിഡന്റ്, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരുടെ മൊബൈലുകളിലെ ഈ ആപ്പിൽ ഉൾപ്പെടുത്തും.

ഇവർ മാലിന്യശേഖരണം സംബന്ധിച്ച വിവരങ്ങൾ വീട്ടുകാരെ അറിയിക്കും. ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും പ്രവർത്തനം. പ്ളാസ്റ്റിക് ശേഖരിക്കുന്ന ദിവസം അതുമാത്രമേ ചെയ്യൂ. മറ്റിനങ്ങൾക്കും ഓരോ ദിവസം നിശ്ചയിച്ചായിരിക്കും പ്രവർത്തനം.

ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളെയും മൂന്ന് വർഷത്തിനകം മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം

- പി.പി. ഷാജിർ

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കല്യാശേരി

മുഴുവൻ വീടുകളിലെയും മാലിന്യം ശേഖരിക്കാൻ കഴിയുമെന്നതിനപ്പുറം പ്ളാസ്റ്റിക്കിനെതിരായ അവബോധം വളർത്തിയെടുക്കാനും കഴിയും.

ഇ.കെ. സോമശേഖരൻ

ജില്ലാ കോ- ഓർഡിനേറ്റർ,

ഹരിത കേരളം മിഷൻ