തൃക്കരിപ്പൂർ: തീരദേശവാസികളുടെ പ്രധാന ചികിത്സാ കേന്ദ്രമായ ഉടുംബുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കു ശേഷം ചികിത്സ ലഭിക്കാത്തത് സാധാരണക്കാരായ രോഗികളെ വലയ്ക്കുന്നു. ജീവനക്കാരുടെ അഭാവം മൂലം വർക്ക് അറേഞ്ച്മെന്റിന്റെ പേരിൽ ഡോക്ടർ, നഴ്സ് തുടങ്ങിയവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ താളംതെറ്റിക്കുന്നു. ഒ.പി. ചികിത്സാ വിഭാഗത്തിൽ കൂടുതൽ രോഗികളെത്തിത്തുടങ്ങിയതോടെയാണ് ഉടുംബുന്തല പ്രാഥമികാരോഗ്യ കേന്ദ്രം മൂന്ന് വർഷം മുമ്പായി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.
തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒളവറ, ഇളമ്പച്ചി, വെള്ളാപ്പ്, കുറ്റിച്ചി തുടങ്ങിയ പ്രദേശങ്ങളോടൊപ്പം വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്, മാടക്കാൽ, തൃക്കരിപ്പൂർ കടപ്പുറം തുടങ്ങിയ ദ്വീപ് പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് ഈ ആതുരാലയം. എന്നാൽ മൂന്ന് ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഉണ്ടായിട്ടും ഈ ആരോഗ്യ കേന്ദ്രത്തിൽ ഒ.പി ചികിത്സ ഉച്ച വരെ മാത്രമാണ്. ഒ.പി ഉച്ച വരെ മാത്രമായതിനാൽ ഉച്ചക്ക് ശേഷം എത്തുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. കൊവിഡ് കാലത്ത് പ്രയാസങ്ങൾ ഇരട്ടിച്ചിരിക്കുകയാണ്.
ഡോക്ടർ പുറത്താണ്!
ഇവിടേക്ക് നിയമിച്ച ഒരു ഡോക്ടർ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഒരു സ്റ്റാഫ് നഴ്സും വർക്ക് അറേഞ്ച്‌മെന്റിൽ മറ്റൊരാശുപത്രിയിലാണ്. ഫിസിയോതെറാപ്പി സെന്റർ, ലാബ്, കൊവിഡ് പരിശോധന, പ്രതിരോധ കുത്തിവെപ്പ് എന്നീ സൗകര്യങ്ങളും ഈ കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ട്. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങളിൽ നിന്നടക്കമെത്തുന്ന രോഗികൾ ഉൾപ്പെടെ നൂറുകണക്കിന് രോഗികളാണ് ഒ.പി ചികിത്സക്കായി ദിനേന ആശുപത്രിയിലെത്തുന്നത്.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചികിത്സാ സമയം വർദ്ധിപ്പിക്കണം. ആശുപത്രിയിലെ ശോച്യാവസ്ഥയ്ക്കും പരിഹാരമുണ്ടാകണം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലയുടെ ചാർജ്ജ് വഹിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനും തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നല്കിയിട്ടുണ്ട്.ഉടുംബുന്തല ആക്ഷൻ കമ്മിറ്റി