തളിപ്പറമ്പ്: കേരളത്തിലെ കോഴി കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും മേഖലയെ സംരക്ഷിക്കാനും സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്ന് കണ്ണൂർ ജില്ലാ പൗൾട്രി ഫാം അസോസിയേഷൻ അവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയും അനിയന്ത്രിതമായി വർദ്ധിക്കുന്ന തീറ്റയുടെ വിലയും കാരണം ഉത്പാദന ചെലവിനേക്കാൾ വില കുറച്ച് വിൽക്കേണ്ടി വരികയും കോഴി കർഷകർ ഭീമമായ നഷ്ടം സഹിക്കേണ്ട സ്ഥിതിയുമാണുള്ളത്.
ഏറേ നാളുകൾക്ക് ശേഷം അൽപം മെച്ചപ്പെട്ട വില ലഭിച്ചു തുടങ്ങിയപ്പോൾ സർക്കാരും റസ്റ്റോറന്റ് ഉടമകളും വില വർദ്ധനവിനെതിരെ രംഗത്തുവരികയാണ്. രണ്ട് കിലോഗ്രാം തൂക്കം വരുന്ന കോഴിക്ക് 185 രൂപ ഉൽപാദന ചെലവ് വരുന്നുണ്ട്. തീറ്റയുടെ വില 1400 ൽ നിന്ന് 2150 ൽ എത്തി. മറ്റുള്ളവയെല്ലാം കാർഷിക മേഖലയിൽ ഉൾപ്പെടുത്തുമ്പോൾ കോഴി വളർത്തൽ വ്യവസായിക മേഖലയിലാണ്. ഇത് കാരണം സബ്സിഡിയോ വൈദ്യുതി ചാർജിൽ ഇളവോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ജി.എസ്.ടി.യിൽ നിന്ന് ഒഴിവാക്കിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിലാണ് കേരളത്തിലേക്ക് കോഴികളെത്തിക്കുന്നത്.
ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനോ, ഇത് എവിടെയൊക്കെയാണ് വിതരണം ചെയ്യുന്നതെന്നോ, ഇറച്ചി ഭക്ഷിച്ച് ആർക്കെങ്കിലും രോഗങ്ങൾ വരുന്നുണ്ടോ എന്നിവ നിരീക്ഷിക്കാൻ നിലവിൽ സംവിധാനമില്ല. ഇത് കാരണം ആർക്കും കോഴികളെ എത്തിച്ച് കച്ചവടം നടത്താമെന്ന സ്ഥിതിയാണ്. വലിയ മുതൽ മുടക്കിൽ കോഴി കൃഷി നടത്തുന്നവർ ഇത്തരക്കാർക്ക് പറയുന്ന വിലക്ക് കോഴികളെ വിൽക്കേണ്ടി വരുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ ഗുണ നിലവാരമുള്ള കോഴികളെ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കേരളത്തിലെ കോഴി കർഷകരെ സംരക്ഷിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ ഹാച്ചറികൾ സ്ഥാപിച്ച് ന്യായ വിലക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാക്കുക, തീറ്റമില്ലുകൾ സ്ഥാപിച്ച് കുറഞ്ഞ വിലക്ക് കോഴിത്തീറ്റ ലഭ്യമാക്കുക, ഒഴിവാക്കിയ നികുതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭാരവാഹികൾ ഉന്നയിച്ചു.