കാഞ്ഞങ്ങാട്: നഗരത്തിലെ നാലു കടകളിൽ മോഷണം നടന്നു. തുണിത്തരങ്ങളും പണവും മരുന്നും മോഷണം പോയി. ഫാൽകോ ടവറിലുള്ള കാസർകോട്ടെ നൗഷാദിന്റെ ഫ്രീക്ക് ജെൻസ് കളക്ഷൻസിൽ നിന്ന് പതിനായിരത്തോളം രൂപ വിലവരുന്ന കുട്ടികളുടെ ഉടുപ്പുകളും പാന്റ്സും മേശവലിപ്പിൽ നിന്ന് 5000 രൂപയും തൊട്ടു തന്നെയുള്ള കാസർകോട് പാണളത്തെ ഗഫൂറിന്റെ മർസാ ലേഡീസ് കളക്ഷൻസിൽനിന്ന് പതിനായിരത്തോളം വില വരുന്ന കുട്ടികളുടെ ഉടുപ്പുകളും 10000 രൂപയുമാണ് മോഷണം പോയത്.
ബസ് സ്റ്റാൻഡിനു പിറകു വശത്ത് പൊയ്യക്കരയിലെ രാഘവന്റെ എസ്.ജെ മെഡിക്കൽസിൽ നിന്നും ചുമയ്ക്കുള്ള മരുന്നും 200 രൂപയും മോഷ്ടിച്ചു. ദുർഗ്ഗ ഹയർസെക്കൻഡറി സ്‌കൂൾ റോഡിൽ മാവുങ്കാലിലെ ജയപ്രകാശിന്റെ നാഷണൽ മെഡിക്കൽസിൽ നിന്നും 150 രൂപയും മോഷണം പോയിട്ടുണ്ട്. ഷട്ടറിന്റെ പൂട്ട് പൊളിക്കാതെ കമ്പിപ്പാരകൊണ്ട് ഷട്ടർ തിക്കിയാണ് മോഷ്ടാവ് അകടത്തുകയറിയത്. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.