morcha

കണ്ണൂർ: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പേരിൽ മുഖ്യമന്ത്രി രക്ഷിതാക്കളെയും വിദ്യാർഥികളെയും ഒരുപോലെ ക്രൂശിക്കുകയാണെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ പറഞ്ഞു. പഠനത്തിന് എല്ലാ സാധനസാമഗ്രികളും നൽകുമെന്ന് പറഞ്ഞവർ പട്ടികജാതി - വർഗ്ഗ വിഭാഗക്കാരെപ്പോലും അവഗണിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിനുമുമ്പിൽ പട്ടികവർഗ്ഗ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക. ലാപ്‌ടോപ്, ടാബ് ലെറ്റ്, സ്മാർട്ട്‌ഫോൺ തുടങ്ങിയവ എത്രയും പെട്ടെന്ന് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് കെ. സജീഷ് അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. രഞ്ജിത്ത് പ്രസംഗിച്ചു. കെ. രതീശൻ സ്വാഗതവും ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.