കാസർകോട്: കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ഓക്സിജൻ ക്ഷാമം ഉണ്ടാകുന്നത് പരിഹരിക്കാൻ കാസർകോട് ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തിയ ഓക്‌സിജൻ സിലിണ്ടർ ചലഞ്ചിൽ ഇതുവരെ ലഭിച്ചത് മൂന്ന് ലക്ഷം രൂപയും 290 സിലിണ്ടറുകളും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ആണ് ഇതുവരെ ലഭിച്ച പണത്തിന്റെയും സിലിണ്ടറുകളുടെയും കണക്കുകൾ പൊതുജനങ്ങളുടെ അറിവിലേക്കായി പുറത്തുവിട്ടത്.

2,95,755 രൂപയാണ് അകെ ലഭിച്ചത്. ഈ തുക ഉപയോഗിച്ച് പയ്യന്നൂർ കുഞ്ഞിമംഗലത്തെ ഓക്സികെയർ എന്ന സ്ഥാപനത്തിൽ നിന്ന് ജി.എസ്.ടി ഉൾപ്പെടെ സിലിണ്ടർ ഒന്നിന് 16,400 രൂപ വീതം നൽകി 18 സിലിണ്ടറുകൾ വാങ്ങുന്നതിന് ഓർഡർ കൊടുത്തിട്ടുണ്ട്. ഈ സിലിണ്ടറുകൾ ഉടനെ ലഭ്യമാകും. ചലഞ്ചിൽ പണമായി നൽകിയതിന് പുറമെയാണ് 290 സിലിണ്ടറുകൾ സന്നദ്ധ സംഘടനകളും വ്യക്തികളും എത്തിച്ചു നൽകിയത്. ഇതിനെല്ലാം പുറമെ മുൻ കളക്ടർ പോകുന്നതിന് മുമ്പ് ഓർഡർ ചെയ്ത 300 സിലിണ്ടർ കൂടി ഉടനെ ജില്ലയിൽ എത്തുമെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു.

മുൻ കളക്ടർ ഡോ. ഡി സജിത് ബാബു മുൻകൈയെടുത്തു നടത്തിയ ചലഞ്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അദ്ദേഹം മുന്നോട്ടുവച്ച ആശയം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നല്ലരീതിയിൽ നടപ്പിലാക്കുകയായിരുന്നു. അതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ ചട്ടഞ്ചാലിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റ് തുടങ്ങാനും നടപടി സ്വീകരിച്ചത്.