manual-fedarick
മാനുവൽ ഫെഡറിക്

കണ്ണൂർ: ജപ്പാനിലെ ടോക്കിയോയിൽ ഈ മാസം 23ന് ഒളിമ്പിക്സിന് കൊടിയേറുമ്പോൾ ഇന്ത്യക്ക് ഒളിമ്പിക്സ് മെഡൽ സമ്മാനിച്ച ഏക മലയാളിയായ മാനുവൽ ഫെഡറികിന്റെ മനസ്സിൽ ആവേശം നിറയുന്നു. കണ്ണൂർ ബർണശേരി സ്വദേശിയായ മാനുവൽ ഇപ്പോൾ ബംഗളൂരിലാണ് താമസിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് എന്നും കണ്ണൂരിനൊപ്പമാണ്.
1972ലെ മ്യൂണിക് ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയത് മാനുവലിന്റെ ഗോൾകീപ്പിംഗ് മികവിലായിരുന്നു.

1947ഒക്ടോബർ 20ന് ജനിച്ച മാനുവൽ പന്ത്രണ്ടാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കുന്നത്. മാനുവലിനെ ഹോക്കി താരമാക്കിയതു സർവ്വീസസ് ക്യാമ്പിലെ പരിശീലനമായിരുന്നു. 1971ൽ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായി. അടുത്ത വർഷം തന്നെ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് മെഡൽ ലഭിച്ചു. വിഖ്യാത ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ പേരിലുള്ള ഹോക്കി പുരസ്കാരവും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

'ഗോൾമുഖത്തെ കടുവ' എന്നായിരുന്നു മാനുവൽ ഫെഡറിക്ക് അറിയപ്പെട്ടിരുന്നത്. മ്യൂണിക്കിൽ വെങ്കലം നേടിയ ടീമിലെ എട്ടുപേർക്ക് രാജ്യം അർജുന അവാർഡും രണ്ടുപേർക്ക് പത്മഭൂഷണും നൽകിയിരുന്നു. എന്നാൽ, മാനുവലിനു മാത്രം ഒരു ബഹുമതിയും ലഭിച്ചിരുന്നില്ല. ധ്യാൻചന്ദിന്റെ മകൻ അശോക് കുമാർ, അർബീന്ദർ സിംഗ്, ഗോപാൽബങ്കർ, വിൻസൻ ലാറ, ബൽബീർ സിംഗ്, അർജുൻ സിംഗ്, മൈക്കൾ സിന്തോ തുടങ്ങിയവരടങ്ങുന്ന ഹോക്കി ടീമായിരുന്നു ഒളിമ്പിക്സിൽ മാനുവലിനൊപ്പം കളത്തിലിറങ്ങിയത്.


കണ്ണൂരിൽ ഹോക്കി സ്റ്റേഡിയം വേണം
എന്നെ വളർത്തിയത് കണ്ണൂരാണ്. ആ ജനതയുടെ സ്‌നേഹവും പ്രോത്സാഹനവുമാണ് എന്റെ കരുത്ത്. കായിക കരുത്തിന്റെ മണ്ണാണ് കണ്ണൂർ. നിരവധി പ്രതിഭകൾ വളർന്ന മണ്ണ്. കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളാണ് എന്നിലെ കായിക താരത്തെ വളർത്തിയത്. കണ്ണൂരിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താൻ പാകത്തിലുള്ള ആസ്‌ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം നിർമ്മിക്കണം.കേരളത്തിൽ അന്താരാഷ്ട്ര മികവുള്ള ഹോക്കി ടീമിനെ വാർത്തെടുക്കാനുള്ള പദ്ധതികൾ മനസ്സിലുണ്ട്. രാജ്യാന്തര ഹോക്കി മത്സരങ്ങൾ കണ്ണൂരിൽ കൊണ്ടുവരണം. സർക്കാർ സഹായത്തോടെ ജന്മനാട്ടിൽ പാർക്കാൻ വീട് ഒരുക്കിത്തന്നു. വളരെ സന്തോഷമുണ്ട്, നന്ദിയും. കണ്ണൂരിലെ വീട്ടിന്റെ താക്കോൽദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും കണ്ണൂരിന്റെ ഓർമ്മകളിലുണ്ട്.