dh
ജില്ലാ ആശുപത്രി പുതിയ കെട്ടിടം.

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി വളപ്പിലെ അഞ്ചുനില കെട്ടിടം തുറക്കാൻ ഇനി വേണ്ടത് ജയിൽ വകുപ്പിന്റെ എൻ.ഒ.സി. മതിലനിപ്പുറവും അപ്പുറവുമായാണ് ആശുപത്രിയും ജില്ലാ ജയിലും. പുതിയ അഞ്ചുനില കെട്ടിടം മതിലിനടുത്താണ്. ഇതാണ് ജയിലിനെ ആശങ്കയിലാക്കുന്നത്. അഞ്ചാമത്തെ നിലയിൽ ജയിലിനോട് ആഭിമുഖമായുള്ള ഭാഗത്തെ ജനലഴിയാണ് പ്രശ്നമായത്.

ഇത് ജയിലിനകത്തെ തടവു പുള്ളികളുടെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് ജയിൽ ഡി.ജി.പി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ജനലഴി പൂർണ്ണമായും മറക്കണമെന്നാണ് ജയിലിന്റെ ആവശ്യം.
എൻഡോസൾഫാൻ പാക്കേജിൽ, ആർദ്രം മിഷന്റെ ഭാഗമായാണ് ജില്ലാ ആശുപത്രിവളപ്പിൽ അഞ്ചുകോടി ചെലവിൽ കെട്ടിടം നിർമ്മിച്ചത്. കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള ക്രമീകരണങ്ങളാണ് പുതിയ കെട്ടിടത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഫർണിച്ചറുകളുൾപ്പെടെ ആശുപത്രിക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിനകം ഒരുക്കി കഴിഞ്ഞു.
കെട്ടിടത്തിൽ ഒ.പി, ലാബ്, കാൻസർ രോഗികളുടെ കിടത്തി ചികിത്സയും കീമോതെറാപ്പിക്കാവശ്യമായ സംവിധാനങ്ങളും ഏർപ്പെടുത്തും. ഒ.പി പ്രവർത്തനങ്ങളും ലാബും പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ആശുപത്രി പ്രവർത്തനങ്ങൾ സുഗമമാകും. കാൻസർ രോഗ ചികിത്സക്ക് മുന്തിയപരിഗണന ജില്ലാ ആശുപത്രിയിൽ ലഭിച്ചു വരുന്നുണ്ട്. പെയിൻ ആൻഡ് പാലിയേറ്റീവ്‌ കെയർ യൂണിറ്റിലേക്ക് ദൂരദിക്കുകളിൽ നിന്നുപോലും രോഗികൾ എത്തുന്നു. അവർക്കാവശ്യമായ പരിചരണം കാലതാമസമില്ലാതെ ലഭിക്കും.

ജയിൽ മാറിയാൽ ആശുപത്രി വളരും
ദേശീയപാതയോരത്ത് പൊയിനാച്ചിയിൽ അഞ്ചേക്കർ ഭൂമി ജില്ലാ ജയിലിനായി കണ്ടെത്തികഴിഞ്ഞു. നിലവിലുള്ള ജില്ലാ ജയിൽ സ്ഥലം ജില്ലാ ആശുപത്രിക്കു ലഭിക്കുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആതുര ചികിത്സാ കേന്ദ്രമായി ഇതു മാറും. രോഗികളുടെ വർദ്ധന പരിഗണിച്ച് സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്ന ആവശ്യവും സർക്കാറിന്റെ സജീവ പരിഗണനയിലാണ്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ജയിലിനോടഭിമുഖമുള്ള ഭാഗത്തെ ജനലഴി മറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് എൻജിനീയർമാർ മാറ്റാൻ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതു മാറുന്നതോടെ ജയിലിന്റെ ആശങ്കയും നീങ്ങും.

ജില്ലാ ജയിൽ സൂപ്രണ്ട് വേണു

ജില്ലാ ആശുപത്രിയിൽ ആർദ്രം മിഷന്റെ ഭാഗമായി പണികഴിപ്പിച്ച അഞ്ചുനില കെട്ടിടം പണി പൂർത്തിയായി വരുന്നതേയുള്ളൂ. ജയിലിന്റെ ആശങ്ക നീക്കാനുള്ള നടപടി എടുത്തിട്ടുണ്ട്. അതോടൊപ്പം പുതിയ കെട്ടിടത്തിൽ ലിഫ്റ്റും ജനറേറ്ററും സ്ഥാപിക്കേണ്ടതുണ്ട്. ഇതുകൂടി പൂർത്തിയായാൽ മാത്രമേ നാറ്റ്പാക്കിന്റെ അനുമതി ലഭിക്കുകയുള്ളൂ.

ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി പ്രകാശൻ