മട്ടന്നൂർ: മട്ടന്നൂർ ഗവ. പോളി ടെക്നിക്ക് കോളേജിൽ സിവിൽ എൻജിനീയറിംഗ് കോഴ്സുകൾ തുടങ്ങണമെന്ന ആവശ്യം ശക്തമായി. വിമാനത്താവള നഗരമെന്ന നിലയിൽ വികസിച്ചു കൊണ്ടിരിക്കുന്ന മട്ടന്നൂരിലുള്ള പോളി ടെക്നിക്ക് കോളേജിൽ സിവിൽ എൻജിനീയറിംദ് കോഴ്സിന് വലിയ സാദ്ധ്യതകളാണുള്ളത്. മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് നിലവിൽ സിവിൽ എൻജിനീയറിംഗിന് ചേരാൻ കണ്ണൂർ തോട്ടട പോളിടെക്നിക്ക് കോളേജ് മാത്രമാണുള്ളത്.
പത്തു വർഷം മുമ്പ് തന്നെ മട്ടന്നൂർ പോളി ടെക്നിക്ക് കോളേജിൽ സിവിൽ, ഇലക്ട്രിക്കൽ എൻജിനീയറിംഗ് കോഴ്സുകൾക്ക് എ.ഐ.സി.ടി.ഇ. അംഗീകാരം നൽകിയതാണ്. അദ്ധ്യാപക തസ്തിക നിർണയവും നിയമനവും നടത്തിയാൽ കോളേജിൽ ഈ കോഴ്സുകൾ ആരംഭിക്കാൻ കഴിയും. തുടക്കത്തിൽ രണ്ട് അദ്ധ്യാപകരെ നിയമിച്ചാൽ തന്നെ ആദ്യ വർഷ കോഴ്സുകൾ തുടങ്ങാൻ കഴിയുമെന്ന് കോളേജ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ജില്ലയിൽ എൻജിനീയറിംഗ് കോഴ്സുകൾക്ക് അപേക്ഷിച്ച 4682 വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും തിരഞ്ഞെടുത്തത് സിവിൽ എൻജിനീയറിംഗാണ്. എന്നാൽ പരിമിതമായ സീറ്റുകൾ മാത്രമാണ് സിവിൽ എൻജിനീയറിംഗിന് ഉള്ളത്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളാണ് മട്ടന്നൂർ ഗവ.പോളി ടെക്നിക്ക് കോളേജിലുള്ളത്. പുതിയ കോഴ്സുകൾ തുടങ്ങാൻ വേണ്ട സൗകര്യങ്ങളും ഇവിടെയുണ്ട്. ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കെ.കെ.ശൈലജ എം.എൽ.എ. വേണ്ട ഇടപെടൽ നടത്താമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.