തലശ്ശേരി: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസിലെ പ്രതികളായ മൂന്ന്‌പേർക്ക് കർശന ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പുന്നാട് വൃന്ദാവനത്തിൽ ചോതി രാജേഷ്, കോളയാട് വിസ്മയ നിവാസിൽ മോദി രാജേഷ്, പേരാവൂർ താഴെപുരയിൽ മനോജ് എന്നിവർക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തട്ടിപ്പിനിരയായ 11 പേർ ചേർന്ന് നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.
അഡ്വ. അഭിലാഷ് മാത്തൂർ മുഖേന നൽകിയ ഹർജിയിലാണ് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. പതിനായിരം മുതൽ രണ്ടര ലക്ഷം രൂപ വരെ പലരിൽ നിന്നായി വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു പരാതി. നായികയായി അഭിനയിക്കാൻ 10 ലക്ഷം രൂപയാണ് എറണാകുളം സ്വദേശിനിയായ അദ്ധ്യാപികയോട് ആവശ്യപ്പെട്ടത്. തട്ടിപ്പാണെന്ന് മനസിലായതോടെ നടി പിൻമാറുകയായിരുന്നു. പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീഷ്മാ കലാ സാംസ്‌കാരിക വേദിയുടെ പേരിലായിരുന്നു കബളിപ്പിക്കൽ.