lyba

മാഹി: പത്ത് വയസുകാരി മയ്യഴി പെരിങ്ങാടി സ്വദേശിനി ലൈബ അബ്ദുൾ ബാസിതിന്, ഈ പെരുന്നാൾ ദിനം മറ്റൊരാഘോഷം കൂടിയാണ്. അഞ്ചാം ക്ലാസുകാരി കുഞ്ഞു ലൈബ എഴുതിയ ഇംഗ്ലീഷ് കഥാസമാഹാരമായ 'ഓർഡർ ഓഫ് ദി ഗാലക്സി ദിവാർ ഫോർ ദി സ്‌റ്റോളൻ ബോയ്' ലോകത്തിലെ ഒന്നാംനിര പ്രസാധകരായ ആമസോൺ പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞദിവസം ഓൺലൈനിൽ തെളിഞ്ഞ കഥാ സംഗ്രഹത്തിന്, വായനാലോകം വൻ പ്രതികരണമാണേകിയത്.
അക്ഷരങ്ങളെ തന്റെ കുഞ്ഞു വിരലുകളിൽ ഒതുക്കാനായ നാളുകൾ തൊട്ട്, തന്റെ ആശയങ്ങൾ കടലാസിലെഴുതി വീട്ടിലെ ചുമരുകളിൽ പതിച്ചു വെക്കുകയെന്നത് ഈ പെൺകുട്ടിയുടെ ശീലമായിരുന്നു. പിന്നീടത് ഡയറിയിലേക്കും, തുടർന്ന് ലാപ് ടോപ്പിലേക്കും ചേക്കേറി. എഴുതിയ കഥകളുടേയെല്ലാം ആദ്യ വായനക്കാർ മാതാപിതാക്കൾ തന്നെ. ലൈബയുടെ പ്രിയപ്പെട്ട കൂട്ടുകാർ പുസ്തകങ്ങളും. എഴുത്തുകാർ കൂടിയായ വല്യൂപ്പമാരായ മുഹമ്മദ് പാറക്കടവും, കെ.എം. അബ്ദുൾ റഹീമും പകർന്നേകിയ വായനാശീലമാണ് ലൈബക്ക് എഴുത്തിന് ഊർജ്ജമായത്.
ദോഹയിലെ ഒലീവിയ ഇന്റർനാഷണൽ സ്‌കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിനിയായ ഈ കൊച്ചു പ്രതിഭ പെരിങ്ങാടിയിലെ അബ്ദുൾ ബാസിതിന്റെയും, പാറക്കടവിലെ തസ്നിം മുഹമ്മദിന്റെയും മകളാണ്.