കാസർകോട്: പ്ലാന്റേഷൻ കോർപ്പറേഷനിൽ ഗുണമേന്മയുള്ള പത്തു ലക്ഷം ഒട്ടുകശുമാവിൻ തൈകൾ ഒരുങ്ങുന്നു. കശുമാവ് കൃഷി വ്യാപനത്തിനായി രാഷ്ട്രീയ കൃഷിവികാസ് യോജന അനുവദിച്ച 10 കോടിരൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിവരുന്നത്. നഴ്സറി ജോലികൾ പ്ലാന്റേഷൻ കോർപ്പറേഷന്റെ കാസർകോട്, ചീമേനി തോട്ടങ്ങളിൽ പുരോഗമിക്കുകയാണ്. ഇതിൽ അഞ്ചുലക്ഷം തൈകൾ ചീമേനി എസ്‌റ്റേറ്റിലാണ് തയ്യാറാക്കിവരുന്നത്.
2019 ൽ ആരംഭിച്ച രണ്ടുവർഷത്തേക്കുള്ള പദ്ധതി കൊവിഡ് നിയന്ത്രണം കാരണം വൈകുകയായിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലേക്ക് ഇവിടെ നിന്ന് കശുമാവിൻ തൈകൾ പോകുന്നുണ്ട്. സംസ്ഥാനത്ത് കശുമാവ് കൃഷിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഇത്. മലബാറിലെ കർഷകർക്ക് തൈകൾ കൃഷിഭവനുകൾ മുഖേനയാണ് നൽകുന്നത്. ചീമേനി എസ്റ്റേറ്റിലെത്തുന്ന കർഷകർക്ക് നേരിട്ടും തൈകൾ ലഭിക്കും. അമ്പത് രൂപയാണ് തൈകൾക്ക് വില.
2007 മുതൽ പ്ലാന്റേഷൻ കോർപ്പറേഷൻ പുനർ കൃഷിചെയ്ത 1200 ഓളം ഹെക്ടറിലെ തൈകളിൽനിന്ന് മാതൃസസ്യശാഖ ശേഖരിച്ചാണ് നഴ്സറി ഒരുക്കുന്നത്. ധന, കനക, ധരശ്രീ, സുലഭ, പ്രിയങ്ക തുടങ്ങി മികച്ച ഉത്പാദനം നൽകുന്ന കശുമാവിനങ്ങൾ ആണ് ഇവിടെ ഗ്രാഫ്റ്റ് ചെയ്തു ഉണ്ടാക്കുന്നത്. നന്നായി പരിചരിച്ചാൽ മൂന്ന് വർഷം കൊണ്ട് വരുമാനം ലഭിക്കും വിധം കായ്ഫലം തരുന്നവയാണ് ഗ്രാഫ്റ്റ് തൈകൾ. കർഷകർക്ക് തൈകൾ നൽകുന്നതിന് പുറമേ ജില്ലയിലെ കാസർകോട്, ചീമേനി, രാജപുരം, കണ്ണൂർ ജില്ലയിലെ നാടുകാണി തോട്ടങ്ങളിലും തൈകൾ നടുന്നുണ്ട്. ചീമേനിയിൽ മാത്രം 210 ഹെക്ടർ പ്രദേശത്ത് പുനർകൃഷി ചെയ്യും.
50 വർഷം കഴിഞ്ഞ കശുമാവ് മരങ്ങൾ വെട്ടിമാറ്റിയ സ്ഥലത്താണ് പുതുതായി റീപ്ലാന്റ് ചെയ്യുന്നത്. ഇതിനായി 51000 ചെടികളാണ് വേണ്ടിവരുന്നത്. എല്ലാവർഷവും മാർച്ച് മാസത്തിലാണ് തൈകൾക്കായുള്ള ഗ്രാഫ്റ്റിംഗ് നടക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ തന്നെ തൈകൾ പാകമായിവരും. കശുമാവിൻ തൈകൾക്ക് പുറമേ നാലിനം പാഷൻ ഫ്രൂട്ട്, തേൻ വരിക്ക പ്ലാവിൻ തൈകളും കവുങ്ങിൻ തൈകളും ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്. വേനൽ കാലത്ത് കശുമാങ്ങ ജ്യൂസും ഓസിയാന കാഷ്യൂ സോഡയും സ്ഥാപനത്തിന്റെ പ്രധാനവഴിയിലെ വിൽപന കേന്ദ്രത്തിൽ നിന്ന് നൽകിവരുന്നുണ്ട്.
ഓരോ വർഷവും കർഷകർക്ക് വിതരണം ചെയ്യുന്നതിന് കശുമാവിൻ തൈകൾ ഉൽപ്പാദിപ്പിക്കുകയാണ്. ഈ വർഷം 40000 ത്തോളം തൈകൾ കർഷകർക്ക് വിറ്റുകഴിഞ്ഞു. ഇനിയും ഒരു ലക്ഷം തൈകൾ സ്റ്റോക്കുണ്ട്. സാങ്കേതിക ഉപദേശവും കർഷകർക്ക് ഇവിടെ നിന്ന് നൽകുന്നുണ്ട്.
എം.ടി സിബി (മാനേജർ, പ്ലാന്റേഷൻ കോർപ്പറേഷൻ ചീമേനി എസ്റ്റേറ്റ് )