basheer

കണ്ണൂർ:കൊവിഡിന്റെ കടുത്ത പ്രതിസന്ധിയിലും സാഹിത്യ ചർച്ചകൾ കൊണ്ട് നിറയുകാണ് ശ്രീകണ്ഠാപുരത്തെ ബഷീർപെരുവളത്ത് പറമ്പിന്റെ നേതൃത്വത്തിലുള്ള സാഹിത്യതീരമെന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മ.പെയിന്റിംഗ് തൊഴിലാളിയായ ബഷീറിന് സാഹിത്യത്തോട് ചെറുപ്പം മുതൽ തന്നെയുള്ള താൽപ്പര്യമാണ് ഈ കൂട്ടായ്മയിലേക്ക് എത്തിച്ചത്.

2007 ൽ ആഗസ്റ്റ് 29 ന് ഈയ്യ വളപട്ടണത്തിന്റെ കഥാസമാഹാര ചർച്ച ചെയ്ത് കൊണ്ടാണ് ബഷീർ സാഹിത്യ ചർച്ചയിലേക്ക് തുടക്കം കുറിച്ചത്. ഇതിനകം സാഹിത്യ തീരത്തിലൂടെ മുപ്പത് പുസ്തകങ്ങളുടെ ചർച്ചകൾ നടത്തിയിട്ടുണ്ട് .ഏഴ് പുസ്തക പ്രകാശനങ്ങളും നടന്നു. കെ.വി .സിന്ധുവിന്റെ പാതിരാ സൂര്യൻ, സുമിത് പൊതുവാളിന്റെ രണ്ടാം ലോകം, ജിനേഷ് കുമാർ എരമത്തിന്റെ പിന്നെ ,പ്രമോദ് കൂവേരിയുടെ അഗ്രോ പശ്യാമി ചെറുകഥാ സമാഹാരം, ഉണ്ണികൃഷ്ണൻകീച്ചേരിയുടെ നിഴൽ പാളങ്ങൾ, സി രവീന്ദ്രൻ നമ്പ്യാരുടെ രാധയുടെ ഡയറി,ശിഹാബുദ്ദീൻ പൊയ്തു ഒകടവിന്റെ ഒരു പാട്ടിന്റെ ദൂരം തുടങ്ങിയ 30 പുസ്തകങ്ങാണ് ഇതുവരെ ചർച്ച ചെയ്തത്.
വി .എസ് .അനിൽകുമാർ, കരിവെള്ളൂർ മുരളി ,നാരായണൻ കാവുമ്പായി, എം. കെ.മനോഹരൻ, എൻ. പ്രഭാകരൻ, ശിഹാബുദീൻ പൊയ്തു ഒകടവ് ,പവിത്രൻ തീക്കുനി, സോമൻ കടലുർ ,കെ .വി. ഫിലോമിന, രാജേഷ് കരിപ്പാൽ, മാധവൻ പുറച്ചേരി, ലതീഷ് കീഴല്ലൂർ, ജിസാ ജോസ്, വി. എച്ച് .നിഷാദ്, ഡോ.രവീന്ദ്രൻ നമ്പ്യാർ, തുടങ്ങി മലയാളത്തിലെ നിരവധി എഴുത്തുകാർ ഇന്ന് സാഹിത്യ തീരത്തിലുണ്ട്.

ബഷീറും ശ്രദ്ധേയനായ എഴുത്തുകാരനാണ്. മൂന്ന് കഥാസമാഹാരങ്ങൾ, ഒരു ലേഖന സമാഹാരം, ഒരു നോവൽ , ഒരു കവിതാ സമാഹാരം എന്നിവ ബഷീറിന്റേതായി ഉണ്ട്.കൊവിഡിനെ തുടർന്ന് പെയിന്റിംഗ് തൊഴിൽ വളരെ കുറവായതോടെ ഒാൺലൈൻ വഴി സാഹിത്യതീരത്തിന്റെ ആഭിമുഖ്യത്തിൽ കവിതകളും കഥകളും ചർച്ചകളുമെല്ലാമായി തിരക്കിലാണ് ബഷീർ. പട്ടിണിയും ദാരിദ്രവും നിറഞ്ഞതായിരുന്നു ബഷീറിന്റെ ചെറുപ്പ കാലം.അന്നും വായന മുറുകെ പിടിക്കാൻ അദ്ദേഹം മറന്നില്ല.1994 മുതൽ നാട്ടിൽ സാംസ്‌കാരിക സാമൂഹിക രംഗത്ത് സജീവമായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങി. പിന്നീട് സാമ്പത്തിക പ്രയാസം കാരണം ഗൾഫിലേക്ക് . പിന്നീട് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഈ വേദി രൂപീകരിച്ചത് .ആലക്കോടെ പുഴക്കരയിൽ പുഴ കരയുന്നു എന്ന പേരിൽ കവികളെ സംഘടിപ്പിച്ചിട്ടുണ്ട് ബഷീർ.. മലപ്പട്ടം അടിച്ചേരിയിലെ വഹീദയാണ് ഭാര്യ.മുബീന, മുഫിദ് ,മുർഷിദ് എന്നിവർ മക്കളാണ്.