കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന ബംഗളൂരു, പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തലാക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നീക്കം. ബോർഡ് മെമ്പർ ടി.കെ. രാജന്റെ ഇടപെടലിലൂടെ ആരംഭിച്ചതും, കൊവിഡ് കാലത്തിനു മുൻപ് മികച്ച കളക്ഷനോടെ ലാഭകരമായി സർവീസ് നടത്തിയിരുന്നതുമായ ബസുകളാണ് പിൻവലിക്കുന്നത്. ബംഗളൂരു, പത്തനംതിട്ട സർവ്വീസുകളുടെ ഡീലക്സ്, സൂപ്പർഫാസ്റ്റ് ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് നൽകാനാണ് നീക്കം നടക്കുന്നതെന്നറിയുന്നു.
കാസർകോട്, കണ്ണൂർ ജില്ലകളിൽ ഏറേ ഉപകാരപ്രദമായ ഈ സർവീസുകളിൽ കൊവിഡ് ലോക്ക് ഡൗണിന് ശേഷം പത്തനംതിട്ട സൂപ്പർഫാസ്റ്റ് റിസർവേഷൻ സൗകര്യത്തോടെ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി. എന്നാൽ ഓൺലൈൻ റിസർവേഷൻ അനുവദിച്ച് ബസ് സർവീസ് നടത്തുന്ന കാര്യം മറ്റ് സെക്ഷനുകൾ അറിഞ്ഞിട്ടില്ല എന്നതുകൊണ്ട് കാഞ്ഞങ്ങാട് ഈ ബസുകൾ അധികമായി കിടക്കുകയാണെന്ന ധാരണയുണ്ടാക്കി. ഇതോടെ ചീഫ് ടെക്നിക്കൽ ഓഫീസിൽ നിന്നും ഇവിടെ നിന്ന് ബസുകൾ മാറ്റാൻ ഉത്തരവുണ്ടായതായി പറയുന്നു. മലയോര മേഖല പാസഞ്ചേർസ് അസോസിയേഷൻ മുൻകൈ എടുത്ത് യാത്രക്കാർക്ക് സമ്മാനപദ്ധതി നടത്തിയും, കുടിവെള്ള സൗകര്യവും മറ്റും ഏർപ്പെടുത്തിയാണ് കാഞ്ഞങ്ങാട് -ബംഗളൂരു ബസിനെ ഏറ്റവും ലാഭകരമായ സർവ്വീസാക്കി മാറ്റിയത്. ഇത്തരത്തിലുള്ള അഞ്ച് സർവ്വീസുകളിൽ ഒന്നാണിത്.
ഡിപ്പോയ്ക്കും റിവേഴ്സ് ഗിയർ
കൊവിഡിനെ തുടർന്ന് നിർത്തിവച്ച കാഞ്ഞങ്ങാട് -ബംഗളൂരു സർവ്വീസ് പുനഃരാരംഭിക്കാൻ ആലോചന നടക്കവെയാണ് ലാഭകരമായി ഓപ്പറേറ്റ് ചെയ്തിരുന്ന ഈ ഡീലക്സ് ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് മാറ്റി നൽകാൻ ടെക്‌നിക്കൽ വിഭാഗത്തിൽ നിന്നുള്ള ഉത്തരവ് വന്നത്. യൂണിറ്റുകളിലെ സാഹചര്യത്തെയും, സർവീസുകളെയും പറ്റി യാതൊരുവിധ ധാരണയുമില്ലാതെ ഇറക്കുന്ന ഇത്തരം ഉത്തരവുകൾ സർവീസ്സുകൾ താളംതെറ്റിക്കാനും, കോഴിക്കോട് സോണിലെ മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള കാഞ്ഞങ്ങാട് ഡിപ്പോയെ തകർക്കാനും മാത്രമേ ഉപകരിക്കൂവെന്നാണ് ആക്ഷേപം.
നിലവിൽ ഓൺലൈൻ റിസർവേഷൻ അനുവദിച്ച് സർവീസ് നടത്തുന്നതാണോ എന്ന കാര്യം പോലും അറിയാതെയാണ് ഇത്തരത്തിൽ ഉത്തരവുകൾ ഇറക്കുന്നത്. അടിയന്തരമായും കാഞ്ഞങ്ങാട്ടെ സൂപ്പർ ക്ലാസ് ബസുകൾ മാറ്റാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിൻമാറണം.
മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ,
വ്യാപാര സംഘടനകൾ