ആലക്കോട്: മലയോരത്ത് കാലവർഷം കനത്തതോടെ റോഡുകൾ മിക്കവയും തകർന്നു. ആലക്കോട്, നടുവിൽ, ഉദയഗിരി തുടങ്ങിയ പഞ്ചായത്തുകളിലായി നിരവധി റോഡുകളാണ് കാൽനടയാത്ര പോലും അസാദ്ധ്യമാക്കുന്ന തരത്തിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. വർഷങ്ങളായി യാതൊരുവിധ റിപ്പയറിംഗുകളും നടന്നിട്ടില്ലാത്തവയാണ് ഇതിൽ മിക്കവയും.
അതിനാൽതന്നെ കാലവർഷത്തെ പഴിചാരുന്നതിൽ കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വായാട്ടുപറമ്പ് പള്ളിക്കവല മുതൽ മീമ്പറ്റി റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് നൂറുകണക്കിന് ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ആലക്കോട്-കാപ്പിമല 9 കിലോമീറ്റർ പി.ഡബ്‌ള്യു.ഡി റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. ഇതുവഴിയുണ്ടായിരുന്ന ബസ് ഗതാഗതം നിലച്ചിരിക്കുകയാണ്.
മുൻകാലങ്ങളിലേതുപോലെ റോഡുകളുടെ താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും. റോഡുകൾക്കിരുവശത്തുമുള്ള ഓവുചാലുകളും കാനകളും കാടുപിടിച്ചും മണ്ണ് നിറഞ്ഞും ഉപയോഗശൂന്യമാകുന്നതാണ് മിക്ക റോഡുകളുടെയും തകർച്ചയ്ക്ക് കാരണം. പ്രധാനപ്പെട്ട റോഡുകൾ മാത്രം നവീകരിച്ച് വാഹനഗതാഗതം സുഗമമാക്കിയാൽ മതിയെന്നുള്ള അധികാരികളുടെ നിലപാടിൽ മാറ്റംവരുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.