കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട കടമ്പകൾ നീങ്ങി. വൈദ്യുതീകരണം പൂർത്തിയാക്കി കറന്റ് ലഭ്യമാകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കാസർകോട് വികസന പാക്കേജിൽപെടുത്തിയാണ് വൈദ്യുതി കണക്ഷനാവശ്യമായ പ്രവൃത്തി പൂർത്തിയാക്കുന്നത്. എൻഡോസൾഫാൻ പാക്കേജിൽപെടുത്തി പണി പൂർത്തിയാക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.
കാലാവധി കഴിഞ്ഞ പാക്കേജിൽ പെടുത്തി പണിപൂർത്തിയാക്കിയാൽ പണം ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്ന ധാരണയിൽ കരാറുകാർപിന്മാറുകയായിരുന്നു. രണ്ടുതവണ ടെൻഡർ വെച്ചിട്ടും കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ തയ്യാറായില്ല. നിർമാണം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ആശുപത്രി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയാത്തതിന് വൈദ്യുതിയാണ് പ്രധാന തടസ്സമായി നിന്നത്. ലിഫ്റ്റ് നിർമാണം കൂടി ഉൾപ്പെടുത്തിയുള്ള പ്രവൃത്തിക്ക് 95ലക്ഷത്തോളം രൂപയാണ് ചെലവുകണക്കാക്കിയിട്ടുള്ളത്. ഈ മാസംഅവസാനത്തോടെ ടെൻഡർ നടപടി പൂർത്തിയാകുമെന്ന് കരുതുന്നു.