photo
സുൽത്താൻ കനാൽ

പഴയങ്ങാടി: ചരിത്രപ്രാധാന്യമുള്ള മാടായി പഞ്ചായത്തിലെ സുൽത്താൻകനാലിന്റെ പലയിടങ്ങളിലും സംരക്ഷണഭിത്തി തകർന്നു .വാടിക്കൽ കടവിന് സമീപത്തെ കനാലിന്റെ സംരക്ഷണഭിത്തിയാണ് ഏറ്റവുമൊടുവിൽ തകർന്നത്.2.75 കോടി ചിലവിട്ട് 2019 ഫെബ്രുവരിയിലാണ് ജലവിഭവ വകുപ്പ് മന്ത്രി കനാലിന്റെ നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

കനാലിൽ നിന്ന് ഭാഗികമായി ചെളി നീക്കിയതിലും കുറച്ചുഭാഗത്ത് നെറ്റ് സ്ഥാപിച്ചതിലും നവീകരണം ഒതുങ്ങുകയായിരുന്നു. ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ കൊറ്റി വരെ ബോട്ട് സർവീസ് നടത്തുന്നതിന് കുപ്പം പുഴയെയും പാലക്കോട് പുഴയെയും ബന്ധിപ്പിക്കുന്ന 3.85 കി.മി നീളമുള്ള സുൽത്താൻ കനാലിന്റെ പുനരുദ്ധാരണത്തിന്റെ പ്രവൃത്തിക്കാണ് 2019ൽ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അംഗീകാരം നൽകിയിരുന്നത്. ടൂറിസം വികസനത്തോടൊപ്പം സുൽത്താൻ കനാലിന്റെ സംരക്ഷണവും സൗന്ദര്യ വൽക്കരണവുമാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. കായൽ സൗന്ദര്യം ആസ്വദിക്കാനും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ചൂട്ടാട് ബീച്ച് പാർക്ക്, വയലപ്ര ടൂറിസ്റ്റ് കേന്ദ്രം, മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതി എന്നിവയെ ആകർഷകമാക്കുന്നതിനും സുൽത്താൻ തോട് നവീകരിച്ചാൽ സാധിക്കുമെന്നും പദ്ധതി റിപ്പോർട്ടിൽ എടുത്തുപറഞ്ഞതാണ്.

വർഷങ്ങൾക്ക് മുമ്പേ ഇരു വശങ്ങളിലും സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞുവീണതിനെ തുടർന്ന് വൻ തോതിൽ മാലിന്യം തള്ളുന്ന അവസ്ഥയിലാണിന്ന് സുൽത്താൻ തോട്. മാലിന്യവും ചെളിമണലും അടിഞ്ഞുകൂടിയതിനാൽ ബോട്ടുകൾക്കും കടന്നുപോകാൻ പ്രയാസമുണ്ട്. അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിയും പൂർത്തിയായിട്ടില്ല. കനാലിലേക്ക് മണ്ണ് ഒഴുകി എത്തുന്നത് തടയാൻ ജിയോ ടെക്സ്റ്റയിൽ ഫിൽട്ടർ മീഡിയ ഉപയോഗിക്കുമെന്നും ഏരിപ്രം പാലം, വാടിക്കൽ പാലം, കോഴിബസാർ പാലം എന്നിവിടങ്ങളിൽനിന്ന് തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ മൂന്ന് മീറ്റർ ഉയരത്തിൽ നെറ്റ് സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും കോഴിബസാർ പാലത്തിൽ മാത്രമാണ് ഇത് പ്രാവർത്തികമാക്കിയത്. സുൽത്താൻ കനാലിന്റെ കരയിലൂടെ നടക്കുന്നതിനായി തോടിന്റെ ഇരു വശങ്ങളിലും നടപാത നിർമ്മിക്കുമെന്ന വാഗ്ദാനവും ജലരേഖയായി.

സുൽത്താന്റെ ഗമയുള്ള കനാൽ

മാടായി പഞ്ചായത്തിലുള്ള കുപ്പം പുഴയും പെരുമ്പപുഴയിലെ മൂലക്കീൽ ഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന സുൽത്താൻ കനാൽ മൈസൂർ ഭരണാധികാരിയായ ഹൈദർ അലിയാണ് 1766ൽ നിർമ്മിച്ചത്‌.റോഡു മാർഗ്ഗം ഗതാഗതം ഇല്ലാതിരുന്ന കാലത്ത് രണ്ട് നൂറ്റാണ്ടിലധികം വൻതോതിലുള്ള ഉൾനാടൻ ജലഗതാഗതത്തിന് ഈ കനാൽ ഉപയോഗിച്ചിരുന്നു. 1957-ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ആദ്യമായി കനാൽ നവീകരിച്ചത്. 1996-ൽ നായനാർ ഗവൺമെന്റ് 15 കോടി രൂപ മുടക്കി സുൽത്താൻ കനാലിന്റെ ഇരുഭാഗവും കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും ചെയ്തു പറശിനിക്കടവ് കോട്ടപ്പുറം വരെയുള്ള ബോട്ട് സർവീസും ഇതുവഴിയാണ് കടന്നുപോയിരുന്നത്.