കണ്ണൂർ: ടി.പി.ആർ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാക്കുന്നതിനുള്ള അടിയന്തര നടപടികൾക്കായി ഇപ്പോഴും ഡി കാറ്റഗറിയിൽ തുടരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, സെക്രട്ടറി, ഭരണസമിതി അദ്ധ്യക്ഷന്മാർ എന്നിവരുടെ പ്രത്യേക യോഗം ഇന്ന് കളക്ടറേറ്റിൽ വിളിച്ച് ചേർക്കും. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വൈകീട്ട് മൂന്ന് മണി മുതൽ നാല് വരെയാണ് യോഗം. നാല് മണിക്ക് സി ഗാറ്റഗറിയിൽ പെട്ട ഉദ്യോഗസ്ഥ, ജനപ്രതിനിധികളുടെ യോഗവും ചേരും. നിലവിൽ ജില്ലയിൽ നാല് പഞ്ചായത്തുകൾ കൂടെ എ കാറ്റഗറിയിലേക്ക് വന്നു. ബി കാറ്റഗറിയിൽ മൂന്നും സി കാറ്റഗറിയിൽ നാലും പഞ്ചായത്തുകൾ പുതുതായി വന്നു. ഇതോടെ ബി കാറ്റഗറിയിൽ 28 ഉം (കഴിഞ്ഞ തവണ 25), സി കാറ്റഗറിയിൽ 39 ഉം (കഴിഞ്ഞ തവണ 35), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി. ഡി കാറ്റഗറിയിൽ ഒമ്പത് പഞ്ചായത്തുകൾ കുറഞ്ഞു. കഴിഞ്ഞ തവണ 19 ഉണ്ടായിരുന്നിടത്ത് 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാത്രമാണ് ജില്ലയിൽ ഇപ്പോൾ ഡി കാറ്റഗറിയിലുള്ളത്.

സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചാർജ് ഓഫീസർമാരെ നിയമിച്ചു കൊണ്ടും ജില്ലാ കളക്ടർ ടി.വി സുഭാഷ് ഉത്തരവായി. ബുധനാഴ്ച ജില്ലയിൽ 777 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 755 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും 19 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.84 ശതമാനം.