inl

കണ്ണൂർ: ഇടതുമുന്നണിയുടെ മുന്നറിയിപ്പ് അവഗണിച്ചും ഐ.എൻ.എല്ലിൽ പ്രസിഡും സെക്രട്ടറിയും തമ്മിൽ പോര് മുറുകുന്നു. പ്രസിഡന്റിന്റെ നിർദ്ദേശം മറികടന്ന് സെക്രട്ടറി കൊച്ചിയിൽ യോഗം വിളിച്ചതോടെ പാർട്ടിക്കുള്ളിൽ കുറേനാളായി നിലവിലുള്ള പോര് മറനീക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കണമെന്ന പ്രസിഡന്റ് അബ്ദുൾ വഹാബിന്റെ നിർദ്ദേശം തള്ളിയാണ് സെക്രട്ടറി കാസിം ഇരിക്കൂർ കൊച്ചിയിൽ ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചത്.

യോഗത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് തറപ്പിച്ച് പറയാൻ തയ്യാറായിട്ടില്ലെങ്കിലും, പ്രസിഡന്റിന്റെ നിർദ്ദേശം നടപ്പാക്കാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്വവും സെക്രട്ടറിക്കുണ്ടെന്ന് അബ്ദുൾ വഹാബ് കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.

നേരത്തെ പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കാനും അടുത്തകാലത്ത് ഉണ്ടായ വിഷയങ്ങൾ പരിഹരിക്കാനുമാണ് സെക്രട്ടേറിയറ്റ് വിളിക്കാൻ നിർദ്ദേശിച്ചതെന്ന് അബ്ദുൾവഹാബ് കൂട്ടിച്ചേർത്തു. അതിനിടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിക്കാനും പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറൽ സെക്രട്ടറി തയ്യാറാകുന്നില്ലെന്ന് പ്രസിഡന്റ് പ്രവർത്തകർക്ക് അയച്ച ശബ്ദസന്ദേശം പുറത്താവുകയും ചെയ്തു.

സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കുന്നതിനെ ചൊല്ലി സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള പോര് പ്രവർത്തകരെയും രണ്ടുതട്ടിലാക്കിയിരിക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിക്കാനും പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറൽ സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ് പ്രസിഡന്റ് പ്രവർത്തകർക്ക് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്. എന്നാൽ ഇപ്പോൾ സെക്രട്ടേറിയറ്റ് യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് കാസിം ഇരിക്കൂറിന്റെ നിലപാട്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും പി.എസ്.സി കോഴ വിവാദത്തിലും തർക്കം തുടരുന്നതിനിടെയാണ് പാർട്ടിയിലെ ചേരിപ്പോരും പുറത്തായത്. വിവാദം മുന്നണിക്കും സർക്കാരിനും തലവേദനയാകുമെന്ന ഘട്ടം വന്നതോടെ കഴിഞ്ഞ ദിവസം പ്രസിഡന്റിനെയും സെക്രട്ടറിയെയും സി.പി.എം എ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ചിരുന്നു. മുന്നണിക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകരുതെന്ന് നേതാക്കൾക്ക് സി.പി.എം മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്.

പാർട്ടിയുടെ മന്ത്രിയും സെക്രട്ടറിയും ഒരേനിലപാടെടുക്കുമ്പോൾ അബ്ദുൾ വഹാബിന്റെ നിലപാടിനോടാണ് സി.പി.എമ്മിന് യോജിപ്പ്. തർക്കമുള്ള വിഷയങ്ങൾ വലുതാണെന്നും ഇത് പരിഹരിക്കാൻ സെക്രട്ടേറിയറ്റ് കൂടിയെ തീരു എന്നുമാണ് പ്രസിഡന്റ് പറയുന്നത്. നിവിലുള്ള സാഹചര്യത്തിൽ സംസ്ഥാന കൗൺസിൽ വിളിക്കാൻ കഴിയില്ലെന്നും ന്യൂനപക്ഷ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാനുമാണ് സെക്രട്ടേറിയറ്റ് വിളിക്കാൻ ആവശ്യപ്പെതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തർക്കത്തിൽ സി.പി.എം ഇടപെട്ടിട്ടില്ലെന്നും മാന്യമായ സമീപനമാണ് അവരിൽനിന്നും ഉണ്ടായിട്ടുള്ളതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.