കണ്ണൂർ: ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എയ്ക്ക് ലഭിച്ച ഭീഷണിക്കത്ത് പി. ജയരാജനെതിരെ ആയുധമാക്കാൻ ജില്ലയിലെ സി.പി.എമ്മിൽ ഒരു വിഭാഗം നീക്കം നടത്തുന്നതായി സൂചന. കഴിഞ്ഞ ദിവസമാണ് രമയുടെ ഓഫീസ് മേൽവിലാസത്തിൽ, മകൻ അനന്ദുവിനെയും ആർ.എം.പി ജനറൽ സെക്രട്ടറി എൻ. വേണുവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ലഭിച്ചത്. കത്തിന് പിന്നിൽ കണ്ണൂരിലെ പി.ജെ. ബോയ്സ് ആണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്.
സംഭവത്തിൽ നേരത്തെ പി.ജെ. ആർമി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംഘത്തിന് ബന്ധമുണ്ടോയെന്നും അങ്ങനെയെങ്കിൽ പി. ജയരാജനെ പ്രതിക്കൂട്ടിലാക്കാനുമുള്ള നീക്കമാണ് ഒരുവിഭാഗം സി.പി.എം നേതാക്കളുടെ മൗനാനുവാദത്തോടെ പൊലീസ് നടത്തുന്നത് എന്നാണ് ആക്ഷേപം. വ്യക്തിപൂജയുടെ പേരിൽ പാർട്ടിക്കുള്ളിൽനിന്ന് ഒരുപാട് വിമർശനങ്ങൾ സഹിക്കേണ്ടിവന്ന നേതാവാണ് പി. ജയരാജൻ. അദ്ദേഹം ഇത്തരത്തിലുള്ള സംഘങ്ങളെ പരസ്യമായി തള്ളിപറഞ്ഞിരുന്നെങ്കിലും ഇവരുമായുള്ള ആത്മബന്ധം ഇപ്പോഴുമുണ്ട്.
വടകര പൊലീസ് ഇൻസ്പെക്ടർ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രമയ്ക്ക് അയച്ച ഭീഷണി കത്ത് വടകരയിലെ നട്ട് സ്ട്രീറ്റ് തപാൽ ഓഫിസിന്റെ പരിധിയിയിൽ നിന്ന് പോസ്‌റ്റ് ചെയ്തതാണെന്നു പൊലീസ് കണ്ടെത്തി. അന്വേഷണ സംഘം തപാൽ ഓഫിസിൽ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്തി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കും. കത്തിന്റെ പുറത്തുള്ള സീലിൽ കോഴിക്കോട് എന്നതിനു പുറമേ സ്ട്രീറ്റ് എന്നു മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂ.
ഈ ഓഫീസിൽ സ്ഥാപിച്ച ഒരു തപാൽ പെട്ടിക്കു പുറമേ മൂന്നെണ്ണം കൂടി സമീപത്തെ റോഡരികിലുമുണ്ട്. ഇതിൽ ഏതിൽ ആരാണ് പോസ്‌റ്റ് ചെയ്തതെന്ന് കണ്ടെത്താനാണ് ദൃശ്യങ്ങൾ ശേഖരിക്കുന്നത്. എന്നാൽ എല്ലാ പെട്ടികൾക്ക് സമീപവും കാമറകൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചേക്കും. നേരത്തെ ടി.പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട പ്രതികൾക്കോ മറ്റുള്ളവർക്കോ ഇപ്പോൾ ലഭിച്ച ഭീഷണിക്കത്തുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.