കണ്ണൂർ: ദുരിതങ്ങൾ നിറഞ്ഞ തീരദേശങ്ങളുടെ കണ്ണീരൊപ്പാൻ മുന്നിൽ നിന്ന ജീവിതമാണ് മോൺ. ഫാ. ദേവസി ഈരത്തറയുടേത്. ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ജീവിതത്തിൽ പ്രതീക്ഷയുടെ വലവിരിക്കാൻ അദ്ദേഹം എന്നും മുന്നിലായിരുന്നു. തയ്യിൽ, സിറ്റി, ആയിക്കര, ചാലിൽ തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികളുടെ ജീവിതത്തിൽ ഫാ. ദേവസി ഒഴിച്ചുകൂടാത്ത വ്യക്തിത്വമായിരുന്നു.
പ്രിയപ്പെട്ടവർ ഈരത്തറ അച്ചൻ എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം തീരദേശ ജനതയ്ക്കൊപ്പം രാവും പകലുമില്ലാതെ തോളോട് തോൾ ചേർന്നാണ് കഴിഞ്ഞിരുന്നത്. കോഴിക്കോട് രൂപതയ്ക്ക് വേണ്ടി 1963 ലാണ് ഫാ. ദേവസി വൈദിക പട്ടം സ്വീകരിച്ചത്.. കണ്ണൂർ രൂപത വിഭജിച്ചപ്പോൾ അദ്ദേഹം കണ്ണൂരിലേക്കു സേവനത്തിനായി കടന്നു വരികയായിരുന്നു.
പൗരോഹിത്യ സ്വീകരണത്തിന് ശേഷം കോഴിക്കോട് രൂപതയുടെ അന്നത്തെ മെത്രാനായ ആൽഡോ മരിയ പത്രോണി എസ്. ജെ. പിതാവിന്റെ സെക്രട്ടറിയായും തുടർന്ന് കാൽ നൂറ്റാണ്ടോളം വൈത്തിരി ചേലോട്ടു എസ്റ്റേറ്റിൽ മാനേജർ ആയും സേവനം അനുഷ്ഠിച്ചിരുന്നു. തുടർന്ന് കുറച്ചു നാൾ ചെമ്പേരി എസ്റ്റേറ്റിൽ സേവനം ചെയ്തശേഷം കോഴിക്കോട് സെന്റ് വിൻസെന്റ്സ് ഇൻഡസ്ട്രീസി ന്റെ ഡയറക്ടർ ആയി സേവനം ചെയ്തു. കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത രൂപം കൊണ്ടപ്പോൾ ആദ്യത്തെ വികാരി ജനറലും ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരിയും കൂടി ആയിരുന്നു.
തയ്യിൽ സെന്റ് ആന്റണിസ് ഇടവകയുടെ വികാരി ആയി സേവനം അനുഷ്ഠിക്കുമ്പോൾ ആണ് മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികൾക്കായി രൂപം നൽകുകയും മദർ തെരേസ കോളനി സ്ഥാപിച്ചു അൻപതോളം കുടുംബങ്ങൾക്ക് സ്ഥലവും വീടും ലഭിക്കുന്നതിന് മുൻകൈ എടുക്കുകയും ചെയ്തു. മത്സ്യ തൊഴിലാളികളുടെ മക്കൾക്കായി ഉന്നത വിദ്യാഭ്യാസം നൽകുവാൻ ഉതകുന്ന രീതിയിലുള്ള സ്‌കോളർഷിപ്പുകൾ ആരംഭിച്ചതും കടക്കെണിയിലായ മത്സ്യത്തൊഴിലാളികൾക്കായി പലിശ രഹിത വായ്പാപദ്ധതി രൂപീകരിച്ചതും പ്രത്യേകം ശ്രദ്ധേയമായിരുന്നു. കണ്ണൂർ രൂപതയുടെ വികാരി ജനറൽ ആയി സേവനം ചെയ്യുമ്പോൾ തന്നെ ചാലയിലുള്ള അമലോത്ഭവമാതാ ദൈവാലത്തിന്റെ വികാരി കൂടിയായിരുന്നു.
സൗത്ത് ഇന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായ 'ഉപാസി'യിൽ എക്സിക്യൂട്ടീവ് അംഗമായും കണ്ണൂരിലെ ചിരി ക്ലബ്ബിലെ സജീവ പ്രവർത്തകനും മത്സ്യത്തൊഴിലാളി സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ, വൈത്തിരി പഞ്ചായത്തു ജനപ്രതിനിധി എന്നീ നിലകളിലും സ്തുത്യർഹ സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ സജീവമായി അദ്ദേഹം ഇടപെട്ടിരുന്നു.