psc

കണ്ണൂർ:പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ജില്ലയിലെ മൂവായിരത്തിന് മുകളിൽ വരുന്ന റാങ്ക് ഹോൾഡേഴ്സ് ആശങ്കയിൽ . റാങ്ക് ലിസ്റ്റിന്റെ കാലാവധി ആഗസ്ത് മൂന്നിന് ആണ് അവസാനിക്കുന്നത്.അതിനുള്ളിൽ ഒഴിവുകൾ നികത്താനാണ് സർക്കാർ തീരുമാനം.എന്നാൽ വെറും രണ്ട് ആഴ്ച്ച കൊണ്ട് എത്ര പേരെ നിയമിക്കുമെന്നാണ് റാങ്ക് ഹോൾഡേഴ്സിന്റെ ചോദ്യം. റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തെ തുടർന്ന് നിയമനം വേഗത്തിലാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ആക്ഷേപം.പ്രമോഷനിലും റിട്ടയർമെന്റിലും ഉണ്ടാകുന്ന ഒഴിവുകളിലേക്ക് മാത്രമാണ് പിന്നീട് നിയമനം നടന്നിട്ടുള്ളത്.

കണ്ണൂർ ജില്ലയിൽ നിന്ന് കാര്യമായ നിയമനം നടത്തയിട്ടില്ലെന്ന് റാങ്ക് ഹോൾഡേർസ് പറഞ്ഞു. മേയ് മാസത്തിലെ റിട്ടയർമെന്റിന് ആനുപാതികമായി ഇറങ്ങേണ്ട പ്രമോഷൻ ലിസ്റ്റുകളുടെ തയ്യാറെടുപ്പുകളും ലോക്ക് ഡൗൺ കാരണം നടന്നിട്ടില്ലെന്നും റാങ്ക് ഹോൾഡേഴ്സ് പറഞ്ഞു.ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റിൽ 3186 പേരാണ് ഉള്ളത് ഇതിൽ മെയിൻ ലിസ്റ്റിൽ 1490 പേരും സപ്ലി ലസ്റ്റിൽ 1696 പേരുമുണ്ട്.നിയമനം നടത്തിയത് വെറും പത്ത് ശതമാനത്തിൽ താഴെ മാത്രം. ജില്ലയിൽ അവസാനമായി നിയമനം ലഭിച്ചത് വെറും 485 പേർക്ക് മാത്രമാണ്.ഒാപ്പൺ കാറ്റഗറിയിൽ നടന്നത് വെറും 377 നിയമനനങ്ങൾ.പുതിയ റാങ്ക് ലിസ്റ്റിനായുള്ള ഒന്നാംഘട്ട പരീക്ഷകൾ ജൂലായ് മാസമാണ് പൂർത്തിയാക്കിയത്.രണ്ടാം ഘട്ടവും കഴിഞ്ഞ് മൂല്യ നിർണ്ണയവും കഴിയുമ്പോഴേക്ക് പുതിയ ലിസ്റ്റ് വരാൻ ആറ് മാസമെങ്കിലുമെടുക്കുമെന്നും അത് വരെ നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലവധി നീട്ടണമെന്നുമാണ് റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം.

സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലും നിയമനം കുറവ്

സിവിൽ പെലീസ് കെ.പി.എ നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിൽ 1870 പേരാണുള്ളത്. ഇതിൽ മുപ്പത് ശതമാനം ഉദ്യോഗാർത്ഥികൾക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. റാങ്ക് ലിസ്റ്റ് കാലാവധി ജൂൺ 30 ന് അവസാനിച്ചിരുന്നു. ലിസ്റ്റ് റദ്ദാകുന്നതിന് മുമ്പ് നിരവധി തവണ സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധിക്കുകയും കളക്ടറേറ്റ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കുകയും ചെയ്തിരുന്നു.

സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന് ശേഷവും കാര്യമായ നിയമനങ്ങൾ ഒന്നും തന്നെ ജില്ലയിൽ നടന്നിട്ടില്ല.ഒാരോ ലിസ്റ്റിൽ നിന്നും 20 ശതമാനം നിയമനം നടത്താനാണ് സർക്കാർ തീരുമാനം.വളരെ കുറച്ച് നിയമനം മാത്രമെ ഇതിലൂടെ നടക്കും.സംസ്ഥാന കമിറ്റിയുടെ യോഗത്തിന് ശേഷം അടുത്ത നടപടിയിലേക്ക കടക്കും.

ആർ.പി.വിപീഷ്,​ജില്ലാ പ്രസിഡന്റ് ,ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റിൽ 3186

മെയിൻ ലിസ്റ്റ് 1490

സപ്ലിമെന്ററി ലസ്റ്റിൽ 1696

നിയമനം 485