കണ്ണൂർ: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായ കെ.എം. സുരേഷിന് കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് ആണ് ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ആക്രമണം. സെല്ലുകളിൽ നിന്നു തടവുകാരെ പ്രഭാത ഭക്ഷണത്തിനായി പുറത്തേക്ക് വിട്ടിരുന്നു. ഈ സമയം വ്യായാമ പരിശീലന കേന്ദ്രത്തിലായിരുന്ന സുരേഷിനെ അസീസ് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡെംബൽ കൊണ്ട് തലയ്ക്ക് ആക്രമിക്കുകയായിരുന്നു.വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.