കാഞ്ഞങ്ങാട്: നഗരമദ്ധ്യത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ രണ്ട് പേരെ ഹോസ്ദുർഗ് എസ്.ഐ കെ.പി.സതീഷ്‌കുമാറും സംഘവും അറസ്റ്റുചെയ്തു. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനു (35), നീലേശ്വരം തൈക്കടപ്പുറത്തെ ഷാനവാസ് (30) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽപ്പെട്ട രണ്ടുപേരെകൂടി പിടികിട്ടാനുെണ്ടെന്ന് പൊലീസ് പറഞ്ഞു.
മോഷണം നടന്ന സ്ഥാപനങ്ങൾക്ക് സമീപത്തെ സിസി ക്യാമറകളിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മനുവിനെ മാവുങ്കാൽ ടൗണിലും ഷാനവാസിനെ തൈക്കടപ്പുറത്തെ വീട്ടിലുമാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി കോട്ടച്ചേരി ബസ് സ്റ്റാൻഡിന് സമീപത്തുള്ള സെൽ മൊബൈൽ കടയിൽ നിന്നും ഫോണുകളും ലാപ്‌ടോപ്പും പെൻഡ്രൈവുകളും ഉൾപ്പെടെ 1,07,000 രൂപയുടെ സാധനങ്ങളാണ് കവർച്ച ചെയ്തത്. അന്നുതന്നെ കാസർകോട്ടെ നൗഷാദിന്റെ ഫ്രീക്ക് ജെൻസ് കളക്ഷൻസിൽ നിന്നും 15000ത്തോളം രൂപ വിലവരുന്ന കുട്ടികളുടെ ഉടുപ്പുകളും പാന്റ്‌സും മേശവലിപ്പിൽ ഉണ്ടായിരുന്ന 5000 രൂപയും തൊട്ടടുത്തുള്ള ഗഫൂറിന്റെ മർസാ ലേഡീസ് കളക്ഷൻസിൽ നിന്നും 10,000 ത്തോളം രൂപ വരുന്ന കുട്ടികളുടെ ഉടുപ്പുകളും 10,000 രൂപയും മോഷ്ടിച്ചു. അന്നുതന്നെ വേറെയും മോഷണം നടത്തിയിട്ടുണ്ട്. കൂട്ടുപ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.