നീലേശ്വരം: അരയാക്കടവ്-കയ്യൂർ റോഡിൽ റോഡ് ഒരു ഭാഗത്ത് താഴ്ന്ന് അപകട സാദ്ധ്യതയേറുന്നു. അരയാക്കടവ് പാലത്തിന് വടക്ക് ഭാഗത്ത് വളവും കയറ്റവുമുള്ള ഭാഗത്താണ് റോഡ് വളരെയധികം താഴ്ന്നു കിടക്കുന്നത്. ഈ ഭാഗങ്ങളിൽ റോഡിലെ അപാകത നേരത്തെയും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം രണ്ട് പ്രാവശ്യം അറ്റകുറ്റപണി നടത്തിയെങ്കിലും കാലവർഷം കനത്തതോടെ റോഡ് താഴുകയായിരുന്നു.
ഇവിടെ വളവും കയറ്റവുമായതിനാൽ രണ്ട് ഭാഗത്തു നിന്നും വാഹനങ്ങൾ വരുമ്പോൾ വാഹനങ്ങൾ നിർത്തിയാണ് കടന്നുപോകുന്നത്. ഒരു ഭാഗത്ത് റോഡിലേക്ക് കാട് മൂടിക്കിടന്ന് റോഡ് താഴ്ന്ന ഭാഗം ഡ്രൈവർമാർക്ക് കാണാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. രണ്ടു വർഷം മുമ്പ് ഇവിടെ നിന്ന് മത്സ്യം കയറ്റി പോകുന്ന വാഹനം മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടിരുന്നു. റോഡിന് താഴെ ആഴവും കാടും മൂടി കിടക്കുന്നതിനാൽ അപകടം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതുമില്ല. ഇപ്പോൾ റോഡിന്റെ ഒരു ഭാഗത്ത് കൂടി കേബിൾ വലിക്കാൻ കുഴിക്കുന്നതിനാൽ അപകട സാദ്ധ്യതയേറെയാണ്.
അരയാക്കടവ് പാലത്തിലാണെങ്കിൽ പാലത്തിൽ കയറുന്ന രണ്ടു സ്ലാബുകളിൽ വാഹനം കയറുമ്പോൾ കുലുക്കം അനുഭവപ്പെടുന്നുണ്ട്. അരയാക്കടവ് പാലം ഉദ്ഘാടനം ചെയ്തിട്ട് 15 വർഷം കഴിഞ്ഞെങ്കിലും അരയാക്കടവ് പാലം മുതൽ ചായ്യോത്ത് -ഇടത്തോട് റോഡ് -ചായ്യോത്ത് കോംപളക്സ് വരെയുള്ള ഒന്നര കിലോമീറ്റർ പൊതുമരാമത്ത് റോഡ് അറ്റകുറ്റപണി ചെയ്തിട്ടില്ല. നേരെ മറിച്ച് തൃക്കരിപ്പൂർ മണ്ഡലത്തിൽ പെടുന്ന കയ്യൂർ- ആലന്തട്ട റോഡ് മെക്കാഡം ടാറിംഗ് ചെയ്യുകയും ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ പെടുന്ന ഒന്നര കിലോമീറ്റർ റോഡാണ് പഴയത് പോലെ കിടക്കുന്നത്.