കൂത്തുപറമ്പ്: കെ.ജി സുബ്രഹ്മണ്യത്തിന്റെ പേരിൽ കൂത്തുപറമ്പിൽ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും. നിയമസഭയിൽ കെ.പി മോഹനന്റെ സബ്മിഷന് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. കൂത്തുപറമ്പിൽ ജനിച്ചുവളർന്ന് പ്രശസ്ത ചിത്രകാരനായി മാറിയ ആളാണ് കെ.ജി സുബ്രഹ്മണ്യം. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ അർഹമായ സ്മാരകങ്ങളൊന്നും തന്നെ ജന്മനാട്ടിൽ ഉണ്ടായിരുന്നില്ല.

ഈ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ചിത്ര കലാകാരൻ മാർക്ക് താമസിച്ച് സർഗസൃഷ്ടി നടത്തുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപുലമായ സൗകര്യങ്ങളോടുകൂടിയ സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ നവോത്ഥാന നായകന്മാരുടെയും നാമധേയത്തിൽ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് കിഫ്ബി ധനസഹായത്തോടെ കൂടി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വാഗ്ഭടാനന്ദ ഗുരുദേവന്റെ പേരിൽ കണ്ണൂരിൽ നിർമ്മിക്കുന്ന സാംസ്‌ക്കാരിക സമുച്ചയത്തിന് കൂത്തു പറമ്പ് മണ്ഡലത്തിലെ പാട്യം വില്ലേജിൽ 3.4 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. ഏകദേശം 50 കോടി രൂപയോളം മുടക്കി നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിൽ ഓപ്പൺ എയർ ഓഡിറ്റോറിയം, സെമിനാർ ഹാൾ, എക്സിബിഷൻ ഹാൾ, ബ്ലാക്ലോക്സ് തീയേറ്റർ, ചിത്രകാരന്മാർക്കും ശില്പികൾക്കുമുള്ള പണിപ്പുര, ഡിജിറ്റൽ ലൈബ്രറി, പുസ്തക പ്രദർശന ഹാൾ, നൃത്ത- സംഗീത- നാടകശാലകൾ, കലാകാരന്മാർക്കുള്ള ഹ്രസ്വകാല താമസസൗകര്യം എന്നിവ ഉണ്ടാകും.