തലശ്ശേരി: ബസ്സുകളും യാത്രക്കാരും കൈയൊഴിഞ്ഞ ദേശീയപാത കൊടുവള്ളിയിലെ പ്രധാന കാത്തിരിപ്പു കേന്ദ്രം നവീകരിക്കുന്നു. ഇതിനായി ധർമ്മടം ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സന്നദ്ധത അറിയിച്ചു. കാത്തിരിപ്പു കേന്ദ്രത്തിലെത്തി ഇതിന്റെ ശോച്യാവസ്ഥ ഭാരവാഹികൾ വിലയിരുത്തി. നവീകരണത്തിന്റെ ഭാഗമായി കാത്തിരിപ്പു കേന്ദ്രത്തിന്റെ കാടുമൂടിക്കിടന്ന പരിസരം ശുചിയാക്കി.
മുഴപ്പിലങ്ങാട് സ്റ്റെയർ ടെക് ഉടമ രാജേഷിന്റെ സഹായത്തോടെ മേൽക്കൂര ഉൾപ്പെടെ പുതുക്കി കാത്തിരിപ്പു കേന്ദ്രം നവീകരിക്കാനാണ് തീരുമാനം..
നവീകരണത്തിന്റെ തുടക്കം നഗരസഭാംഗം ടി.കെ. താഹിറ നിർവ്വഹിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി.പി. സുധേഷ്, സെക്രട്ടറി സി.കെ. ദിലീപ് കുമാർ, മുൻ പ്രസിഡന്റ് മേജർ പി. ഗോവിന്ദൻ, ടി.എം. ദിലീപ് കുമാർ, എൻ. പ്രകാശൻ, എൻ.പി. പ്രകാശൻ സംബന്ധിച്ചു.
നേരത്തെ കൊടുവള്ളി ജംഗ്ഷനു സമീപമായിരുന്നു ബസ് സ്റ്റോപ്പ്. കൊടുവള്ളി റെയിൽവേ ഗേറ്റ് അടക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2012 ലാണ് ബസ് സ്റ്റോപ്പ് മുമ്പോട്ട് മാറ്റിയത്. ഇവിടെയുള്ള കാത്തിരിപ്പു കേന്ദ്രത്തിന് കേടുപാടുകൾ സംഭവിക്കുകയും പരിസരം കാടുമൂടുകയും ചെയ്തതോടെ യാത്രക്കാരും ബസുകളും മാറ്റിയ ബസ് സ്റ്റോപ്പിനെ ഉപേക്ഷിച്ച് പഴയ സ്റ്റോപ്പിലേക്ക് മാറുകയായിരുന്നു.