തലശ്ശേരി: ക്ഷേത്രങ്ങളിലും, കാവുകളിലും ചുരുക്കം വീടുകളിലുമായി കർക്കിടക മാസാരംഭത്തോടെ രാമായണ പാരായണം നടക്കുമ്പോൾ തലശ്ശേരി ഇടത്തിലമ്പലം പരിസരത്തുള്ള പ്രമുഖ അഭിഭാഷകനായ കെ.കെ കൃഷ്ണകുമാറിന്റെ വീടായ ക്ഷീരസാഗരത്തിൽ ഭക്തിലഹരി അല്പം കൂടും.നൂറ്റാണ്ടുകൾ പിന്നിട്ട വിശുദ്ധിയോടെ സൂക്ഷിക്കുന്ന താളിയോലയിൽ പകർത്തിയ രാമായണമാണ് ഈ വീട്ടുകാർ പാരായണം ചെയ്യുന്നത്.
തലമുറകളായി കൈമാറി വന്ന ഈ അമൂല്യ ഗ്രന്ഥം ഒരു പോറലുമേൽക്കാതെയാണ് ഈ കുടുംബം പൂജാമുറിയിൽ സൂക്ഷിക്കുന്നത്. രാമായണ മാസമായാൽ പഴമയുടെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ചാണ് താളിയോല ഗ്രന്ഥത്തിന്റെ ചരട് അഴിച്ച് അദ്ധ്യായങ്ങളായി വായിക്കുന്നത്. രണ്ട് നൂറ്റാണ്ടോളമായി ഈ താളിയോല ഗ്രന്ഥം ഈ കുടുംബത്തിന്റെ കൈവശമുണ്ട്. എഴുത്താണി കൊണ്ട് താളിയോലയിൽ എഴുതിയ രാമായണം തലശ്ശേരി ബാറിലെ അഭിഭാഷകനായിരുന്ന പരേതനായ പിതാവ് കുഞ്ഞികൃഷ്ണ പൊതുവാളിൽ നിന്നാണ് കൃഷ്ണരാജിന്റെ കൈവശം എത്തിച്ചേരുന്നത് . രണ്ട് ഭാഗവും മരച്ചട്ട കൊണ്ട് പൊതിഞ്ഞ്ചരടിൽ കോർത്ത് കെട്ടിവെച്ചിരിക്കയാണ്. രാമായണ മാസത്തിൽ മാത്രമാണ് ഈ ഗ്രന്ഥത്തിന്റെ ചരടഴിക്കുന്നത്.അതാകട്ടെ പാരായണത്തിന് മാത്രവും. എഴുത്താണി കൊണ്ട് പഴയ മലയാളം ലിപിയിൽ എഴുതിയ ഈ താളിയോല വായിക്കുക അത്ര എളുപ്പമല്ല. പുതു തലമുറക്ക് ഇത് വായിക്കാൻ പ്രത്യേക പരിശീലനം തന്നെ വേണ്ടി വരും.
പ്രസീതയാണ് കൃഷ്ണ രാജിന്റെ ഭാര്യ' മൂത്ത മകനായ അഭിരാം വിദേശത്ത് ജോലി ചെയ്യുന്നു.ഇളയ മകൾ അനുസൂയ മണിപ്പാലിൽ ബിരുദാന്തര ബിരുദവിദ്യാർത്ഥിനിയാണ്.