കണ്ണൂർ: മുൻപിൻ നോക്കാതെ കെ.എസ്.ആർ.ടി.സി അധികൃതർ സ്വീകരിക്കുന്ന നടപടിയിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം. ഇരിട്ടിയിൽ കഴിഞ്ഞദിവസം നടന്ന സംഭവമാണ് പ്രതിഷേധത്തിനിടയാക്കിയത്. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന സൂപ്പർ എക്സ്പ്രസ് ബസ് ഇരിട്ടിയിൽ എത്തിയപ്പോൾ ഏച്ചൂർ വഴി പോകുമോ എന്ന് ഒരു യാത്രക്കാരൻ ചോദിച്ചു. തലശ്ശേരി വഴി കണ്ണൂരിലേക്ക് പോകുന്ന ബസാണെന്ന് കണ്ടക്ടർ പറഞ്ഞതോടെ യാത്രക്കാരൻ ഇരിട്ടിയിൽ ഇറങ്ങി നേരെ പരാതി തിരുവനന്തപുരത്ത് അറിയിച്ചു. കേട്ട പാതി കേൾക്കാത്ത പാതി ബസിലെ കണ്ടക്ടറെ വിളിച്ചു ഇരിട്ടി സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാരനെ കയറ്റണമെന്ന നിർദ്ദേശമാണ് തിരുവനന്തപുരത്ത് നിന്നുണ്ടായത്. ഉളിയിൽ എത്തിയ ബസ് തിരിച്ചു വീണ്ടും ഇരിട്ടിയിലേക്ക്. യാത്രക്കാർ ബഹളം വച്ചെങ്കിലും ആർക്കും ഒന്നും മനസ്സിലായില്ല. ഇരിട്ടിയിലെത്തി അരിച്ചുപെറുക്കിയെങ്കിലും യാത്രക്കാരനെ കണ്ടെത്തെനുമായില്ല. ബംഗളൂരു ബസ് നിർത്തിയില്ലെന്നായിരുന്നുവത്രെ യാത്രക്കാരന്റെ പരാതി. ഇതു കേട്ട ഇൻസ്‌പെക്ടർ ബസ് യാത്രക്കാരനെ കയറ്റാതെ പോയെന്നുകരുതിയാണ് ഇയാളെ കയറ്റണമെന്ന ഉത്തരവിട്ടത്. ഉന്നത അധികാരി ഡിപ്പോയിൽ വിളിച്ച് കാര്യം അന്വേഷിക്കേണ്ടതിനു പകരം കണ്ടക്ടറെ വിളിച്ച് നിർദ്ദേശം നല്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.