കണ്ണൂർ : പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്. ഐ മലപ്പട്ടം സ്വദേശി രഘുനാഥിന്റെ നേതൃത്വത്തിലുള്ള 'വി ആർ റെഡി' ശരിക്കും ഒരു പോരാട്ട സേനയാണ്. ദുരന്തമുഖങ്ങളിൽ പൊലീസിനൊപ്പം ജനങ്ങളെ സഹായിക്കുന്ന വാർ ഗ്രൂപ്പ്. ദുരന്തനിവാരണത്തിനും ദുരിത്വാശ്വാസത്തിനും സേനയോടൊപ്പം - അതാണ് ഗ്രൂപ്പിന്റെ സന്ദേശം.
പൊലീസ് സേനയുടെ അന്തസ് ഉയർത്തുന്ന പ്രവർത്തനങ്ങളുമായി
550 വോളന്റിയർമാരാണ് മുന്നണിയിലുള്ളത്. 73 വയസുള്ള ഡോ. ലില്ലി ലത്തീഫ് മുതൽ 18 വയസുള്ള വിദ്യാർത്ഥികൾ വരെ. 2019 ലെ പ്രളയത്തിൽ ശ്രീകണ്ഠപുരം ടൗണും പരിസരവും മുങ്ങിയിട്ടും ഒരു ജീവനും പൊലിയാതെ കാത്തത് രഘുനാഥിന്റെ ഗ്രൂപ്പായിരുന്നു.
ഡി.ജി.പി ബി. സന്ധ്യ കേരളകൗമുദിയിലെ പംക്തിയിൽ രഘുനാഥിന്റെ സേവനങ്ങളെ പ്രശംസിച്ചിരുന്നു.
തുടക്കം ആ വിളിയിൽ നിന്ന്
2018ലെ പ്രളയകാലത്ത് ശ്രീകണ്‌ഠപുരം സ്‌റ്റേഷനിലേക്ക് അർദ്ധരാത്രി ജില്ലാ പൊലീസ് മേധാവിയുടെ സന്ദേശം. അടിയന്തരമായി മൂന്ന് ലോറി വേണം. രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ ആലുവയിൽ എത്തിക്കാനാണ്. നട്ടപ്പാതിരയായിട്ടും മിനിട്ടുകൾക്കകം രഘുനാഥിന്റെ നേതൃത്വത്തിൽ ലോറികൾ അയച്ചു. അടിയന്തരസന്ദർഭങ്ങളിൽ എന്തിനും സജ്ജരായി പൊലീസിനൊപ്പം ഒരു സേന എന്ന ആശയത്തിന്റെ പിറവി ആ ഫോൺ കാളിൽ നിന്നാണ്. പ്രളയത്തിൽ ശ്രീകണ്‌ഠപുരം പുഴയിൽ പലതവണ തോണിയിറക്കി എണ്ണൂറിലധികം പേരെ രക്ഷിച്ച 69കാരനായ ഇബ്രാഹിം, പലതവണ നീന്തി രക്ഷാപ്രവർത്തനം നടത്തിയ തോമസ്, റോഡിൽ വീണ 11 കൂറ്റൻ മരങ്ങൾ മുറിച്ചുനീക്കിയ സുരേഷ്... പോരാളികളുടെ നിര നീളുന്നു. മുങ്ങൽ വിദഗ്ദ്ധരും ഡോക്ടർമാരും മരം വെട്ടുകാരും തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും വിദഗ്ദ്ധർ ഗ്രൂപ്പിലുള്ളതിനാൽ ജനങ്ങളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റാമെന്നാണ് വിശ്വാസം.
തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ.രത്നകുമാർ ആണ് ഗ്രൂപ്പിന്റെ ചെയർമാൻ. ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ ജനറൽ കൺവീനറും. ജില്ലാ പൊലീസ് ചീഫും ശ്രീകണ്ഠപുരം നഗരസഭ, ചെങ്ങളായി പഞ്ചായത്ത് അദ്ധ്യക്ഷന്മാരും രക്ഷാധികാരികളും.
'ഒരു കോടീശ്വരന് പോലും സാധിക്കാത്ത ചെറുനന്മകൾ ചെയ്യുന്ന എത്രയോ പൊലീസുകാരെ എനിക്ക് കണ്ടുമുട്ടാനായി. 2018 ലെ മഹാപ്രളയത്തിൽ നിന്നു പാഠം ഉൾക്കൊണ്ട് വി ആർ റെഡി എന്ന ജനമൈത്രി ഗ്രൂപ്പുണ്ടാക്കിയ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെ അന്നത്തെ എ. എസ്. ഐ രഘുനാഥ് ഇത്തരം ഹീറോമാരിൽ ഒരാളാണ്.'
--ഡി. ജി. പി ബി. സന്ധ്യ
കേരളകൗമുദിയിലെ പംക്തിയിൽ