കണ്ണൂർ: ടൂറിസ്റ്റ് ഹോമിലെത്തിയ സംഘം റൂം ബോയിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി റോഡിൽ തള്ളിയ സംഭവത്തിൽ മൂന്ന് പേർ റിമാൻഡിൽ. ആദികടലായി സ്വദേശികളായ അഭിമന്യു (23), വെങ്കിടേശ് (26), മേലെചൊവ്വ സ്വദേശി സുനിൽ (25) എന്നിവരാണ് റിമാൻഡിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
മുനീശ്വരൻ കോവിലിന് സമീപത്തെ അഭിലാഷ് ടൂറിസ്റ്റ് ഹോം ജീവനക്കാരൻ ചിറക്കൽ അഞ്ചുകണ്ടിയിലെ ശബീലിനെയാണ് (28) മൂന്ന് പേർ ചേർന്ന് തട്ടികൊണ്ടുപോയത്. പുറത്തേക്ക് വിളിച്ച സംഘം യുവാവിനെ ബലമായി കാറിൽ കയറ്റികൊണ്ടു പോകുകയായിരുന്നു. ടൂറിസ്റ്റ് ഹോം ജീവനക്കാർ ടൗൺ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ പി.പി. സദാനന്ദന്റെ നിർദേശപ്രകാരം കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി, എസ്.ഐ ഹാരിസ്, കണ്ണൂർ സിറ്റി എസ്.ഐ പി.കെ സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫ്ളയിംഗ് സ്‌ക്വാഡ് അടക്കമുള്ള പൊലീസ് തിരച്ചിൽ നടത്തി. രാത്രി 12 ഓടെ ശബീറിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തുകയായിരുന്നു.
പെരുന്നാൾ ദിവസം ലോഡ്ജിലെത്തിയ സംഘത്തിന്റെ പ്രവൃത്തികൾ ശബീൽ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘം സഞ്ചരിച്ച ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു.