കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യയോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലന സ്ഥാപനങ്ങളാരംഭിച്ചവർ സാമ്പത്തിക പ്രതിസന്ധിയിൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമീണമേഖലയിലെ യുവാക്കൾക്ക് തൊഴിൽ ഉറപ്പ് വരുത്തിയുള്ള സൗജന്യ തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയാണ് ഡി.ഡി.യു.ജി.കെ.വൈ. കേരളത്തിൽ കുടുംബശ്രീ മിഷനാണ് നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്.

സൗജന്യ തൊഴിൽ പരിശീലനം നൽകുന്ന 80 ശതമാനം വിദ്യാർത്ഥികൾക്കും ജോലി ഉറപ്പു വരുത്തണമെന്ന വ്യവസ്ഥയിലാണ് പരിശീലന സ്ഥാപനങ്ങൾ അനുവദിക്കുന്നത്. കേന്ദ്രം നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിശീലന കേന്ദ്രങ്ങൾ നടത്തുന്നത്. കേരളത്തിൽ കുടുംബശ്രീ മിഷനു കീഴിൽ എഴുന്നൂറോളം സ്ഥാപനങ്ങൾ ഇത്തരത്തിൽ പരിശീലന കേന്ദ്രങ്ങളായുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പിനു വേണ്ട തുക തവണകളായാണ് നൽകുന്നത്. കെട്ടിട വാടക, അനുബന്ധ സൗകര്യങ്ങളുടെ ചെലവ്, പരിശീലനം നേടുന്നവർക്കുള്ള താമസം, ഭക്ഷണം എന്നിവയുടെ ചെലവെല്ലാം ആദ്യം നടത്തിപ്പുകാർ തന്നെ വഹിക്കണം.

ഘട്ടഘട്ടമായി നിശ്ചിത തുക ഇവർക്ക് അനുവദിക്കാറാണ് പതിവ്. 2020 മാർച്ചിൽ കൊവിഡ് കാരണം അടച്ചിടേണ്ടി വന്ന സ്ഥാപനങ്ങൾ 2021ൽ ഏതാനും ദിവസം മാത്രമാണ് പ്രവർത്തിച്ചത്. ഇൻസ്റ്റിറ്റിയൂട്ടും ഹോസ്റ്റലും വാടകയും വൈദ്യുതി ബില്ലും ശമ്പളവുമൊക്കെയായി വലിയ ബാദ്ധ്യതയാണ് ഇപ്പോൾ നടത്തിപ്പുകാരെ സംബന്ധിച്ചുണ്ടായത്. കിട്ടിയത് ആദ്യ ഗഡുമാത്രവും.

ഭേദഗതിയില്ലാതെ

ഗതി പിടിക്കില്ല

കൊവിഡ് കാരണം തൊഴിലവസരങ്ങൾ തീർത്തും ഇല്ലാതായതോടെ പരിശീലനം നേടിയവർക്കെല്ലാം തൊഴിൽ ഉറപ്പു വരുത്താൻ സാധിക്കില്ല. രണ്ടാം ഗഡു നൽകണമെങ്കിൽ പരിശീലനം നേടിയ 80 ശതമാനം പേർക്കും തൊഴിൽ നൽകണമെന്ന വ്യവസ്ഥയ്ക്ക് ഭേദഗതി വരുത്താതെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ല. നോഡൽ ഏജൻസിയായ കുടുംബശ്രീയിലെ ഉദ്യോഗസ്ഥരാകട്ടെ എല്ലാം കേന്ദ്ര സർക്കാരിലേക്ക് എഴുതിയിട്ടുണ്ട് ശരിയാകും എന്ന പല്ലവി ആവർത്തിക്കുകയാണ്.

ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മിക്കവർക്കും വാടക കൊടുക്കാൻ കഴിയാതെ ഒഴിഞ്ഞു പോകാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്ത്യ മുഴുവനും നടത്തുന്ന കേന്ദ്ര സർക്കാർ പ്രൊജക്ട് എന്ന നിലയിൽ ഡി.ഡി.യു.ജി.കെ.വൈ ഏജൻസി നടത്തുന്നവർക്ക് കൊവിഡ് കാലത്തെ ശമ്പളവും വാടകയും അനുവദിച്ചു ഈ പ്രതിസന്ധിയിൽ നിന്നു കരകയറ്റണം.

പരിശീലന കേന്ദ്രം നടത്തിപ്പുകാർ