കാഞ്ഞങ്ങാട്: നഗരത്തിൽ വീണ്ടും മോഷണം. മൂന്ന് ദിവസത്തെ ഇടവേളക്കു ശേഷം നടന്ന കവർച്ചയിൽ ലക്ഷങ്ങളുടെ മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടു. മടിക്കൈ കാഞ്ഞിരപൊയിലെ സത്താറിന്റെ ഉടമസ്ഥതയിൽ നയാബസാറിൽ പ്രവർത്തിക്കുന്ന മെജസ്റ്റിക് മൊബൈൽ ഷോപ്പിലും ആലാമിപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തെ നീതി മെഡിക്കൽ സ്റ്റോറിലുമാണ് മോഷണം നടന്നത്. രണ്ടിടങ്ങളിലും കടകളുടെ ഷട്ടർ തകർത്തു.
മൊബൈൽ ഷോപ്പിൽ നിന്നും 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. അടുത്തിടെയാണ് ഇവിടെ പുതിയസാധനങ്ങൾ സ്റ്റോക്ക് ചെയ്തത്. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, സർവ്വീസിന് ഏൽപ്പിച്ച ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. നീതി മെഡിക്കൽ സ്റ്റോറിനകത്ത് മേശവലിപ്പിലുണ്ടായിരുന്ന 70,000 രൂപയാണ് മോഷണം പോയത്.
രണ്ട് കവർച്ചകൾക്കും പിന്നിൽ ഒരേസംഘം തന്നെയാകാമെന്നാണ് പൊലീസിന്റെ നിഗമനം. കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി മുരളീധരന്റെയും സത്താറിന്റെയും പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ, സി.ഐ ഷൈൻ, എസ്.ഐ കെ.പി.സതീശൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. കാസർകോട് നിന്ന് വിരലടയാള വിദഗ്ദ്ധ ആർ.രജിതയും പരിശോധന നടത്തി. പൊലീസ് ഡോഗ് റൂണിയും സ്ഥലത്തെത്തി.
പിന്നിൽ കുപ്രസിദ്ധ മോഷ്ടാവിന്റെ
നേതൃത്വത്തിലുള്ള സംഘം?
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏഴ് കവർച്ചകളും ഒരു കവർച്ചാശ്രമവുമാണ് കാഞ്ഞങ്ങാട്ട് ഉണ്ടായത്. ഇതിൽ അഞ്ച് കടകളിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. ഇപ്പോഴത്തെ കവർച്ചയ്ക്ക് പിന്നിൽ ഇവരെയും സംശയിക്കുന്നുണ്ട്. ജയിലിൽ നിന്നിറങ്ങിയ ഒരു കുപ്രസിദ്ധ മോഷ്ടാവാണ് ഈ സംഘത്തിന്റെ സൂത്രധാരനെന്നും കരുതുന്നു. കഴിഞ്ഞദിവസം ശ്രീകൃഷ്ണമന്ദിരം ക്രോസ് റോഡ് അരികിൽ പോക്‌സോ കോടതി ജില്ലാ ജഡ്ജിന്റെ വീട്ടിൽ മോഷണശ്രമം നടത്തിയതും ഇവർ തന്നെയാണെന്നും സൂചനയുണ്ട്.